സ്വര്‍ണ വില ഞെട്ടിച്ചു; പവന് 800 രൂപയുടെ വര്‍ധന

kerala, Malayalam news, the Journal,

കൊച്ചി: കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില ഇടിഞ്ഞുവരികയായിരുന്നു. ആഭരണം വാങ്ങാനിരുന്നവര്‍ക്കും നിക്ഷേപം നടത്താന്‍ കാത്തിരുന്നവര്‍ക്കും നല്ല അവസരവും ഒരുങ്ങിയിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചാണ് വിപണിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം. സ്വര്‍ണവില കുതിച്ചു കയറി. ഏഴ് ദിവസത്തിന് മുമ്പുള്ള ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തി.

സ്വര്‍ണ വില ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വിപണി നിലവാരം. അതേസമയം, ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തുടരുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. എങ്കിലും അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന് അവര്‍ സൂചിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്.

Also Read: ഒരു കോള്‍ പോലും ചെയ്തില്ല, ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ല; ബില്ല് വന്നത് 1,30,650 രൂപയുടേത്; ബി.എസ്.എൻ.എല്ലിന് പണി കൊടുത്ത് ഉപഭോക്‌തൃ കമ്മീഷൻ.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46120 രൂപയാണ്. 800 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 100 രൂപ കൂടി 5765 രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് ഇത്രയും വില വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. നേരിയ തോതില്‍ വില വര്‍ധനവിന് സാധ്യതയുണ്ട് എന്നായിരുന്നു വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. വില വര്‍ധിക്കാന്‍ ഇടയാക്കിയ കാരണം പറയാം…

Also Read: വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് വനംമന്ത്രി

അമേരിക്കയിലെ വിപണി സാഹചര്യം മാറിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്. പലിശ നിരക്ക് അടുത്ത വര്‍ഷം കുറയ്ക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഡോളര്‍ സൂചിക കുത്തനെ ഇടിഞ്ഞു. 104ല്‍ നിന്ന് 102ലേക്ക് സൂചിക ഇടിഞ്ഞു. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം കൂടി. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും വര്‍ധിച്ചിച്ചു. വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.32 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികള്‍ നേട്ടമാക്കുമെന്ന് കരുതാം. അതേസമയം, എണ്ണവിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.47 ഡോളറിലാണ് വ്യാപാരം.

സ്വര്‍ണവില കൂടുന്ന വേളയില്‍ ജ്വല്ലറികളില്‍ വ്യാപാരം കുറയേണ്ടതാണ്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം സമയങ്ങളിലും കച്ചവടം കൂടാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയും വില വര്‍ധിക്കുമോ എന്ന ആശങ്കയില്‍ അത്യാവശ്യക്കാര്‍ മടിച്ചുനില്‍ക്കാതെ സ്വര്‍ണം വാങ്ങാനെത്തുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേസമയം, വില കുറഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *