‘കൂടെയുണ്ട് സേവാഭാരതി’; കലോത്സവത്തിൽ വിവാദ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ
ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് ആശാ ശരത് ഉപഹാരം നൽകുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ സതീഷ് ബാബു ആർ.എസ്.എസ് അനുഭാവിയെന്ന് ആരോപണം. ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷധാരിയായ തീവ്രവാദിയായി അവതരിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് ആശാ ശരത് ഉപഹാരം നൽകുന്നതിന്റെ ഫോട്ടോ സതീഷ് ബാബു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സേവാഭാരതിയുടെ കവർ ഫോട്ടോയാണ് സതീഷ് ബാബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. സംസ്ഥാന സർക്കാറിനെയും സി.പി.എമ്മിനെയും വിമർശിക്കുന്ന നിരവധി പോസ്റ്റുകളും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എഴുത്തുകാരി ഫർസാന അലി തുടങ്ങി നിരവധിപേർ ദൃശ്യാവിഷ്‌കാരത്തിലെ മുസ്‌ലിം വിരുദ്ധതക്കെതിരെ രംഗത്ത് വന്നിരുന്നു. കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ ‘മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്’ എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് അതേ കോഴിക്കോട് തന്നെ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമാണ് നിങ്ങൾ അങ്ങോട്ട് പോട്ടാ, അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.