‘പ്രതിയെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണം’; വണ്ടിപ്പെരിയാർ പോക്സോ കേസില്‍ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകും. കേസ് ഡയറി ഡി.ജി.പി യുടെ ഓഫീസിന് കൈമാറാൻ പോലീസിനും നിർദ്ദേശം നൽകും.
നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാകും അപ്പീൽ തയ്യാറാക്കുക. പ്രതിചേർക്കപ്പെട്ട അർജുനെതിരെ ചുമത്തിയ പോക്സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തതു സംബന്ധിച്ച് വിധിയിൽ വേണ്ടത്ര പരാമർശമില്ലാത്തതും പീഡന കേസിൽ ഇരക്ക് നീതി ലഭിക്കാത്തതും അപ്പീലിൽ ചൂണ്ടിക്കാട്ടും. ആറുവയസുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ഈ ആഴ്ച അപ്പീൽ സമർപ്പിക്കാനാണ് തീരുമാനം.
2021 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി.