പണിയെടുക്കാൻ എഐ ഉണ്ട്; 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ

kerala, Malayalam news, the Journal,

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വരുന്നതോടെ പല മേഖലകളിലും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഈ ആശങ്ക ഗൂഗിളിൽ വരെ എത്തിനിൽക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഗൂഗിൾ എന്നാണ് റിപ്പോർട്ടുകൾ. പരസ്യ വിൽപ്പന യൂണിറ്റിനുള്ളിലാണ് 30,000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഗൂഗിൾ ആലോചിക്കുന്നത്. 2023-ൽ 12,000ത്തിലധികം ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വീണ്ടും വെട്ടിക്കുറക്കലിന് ഒരുങ്ങുന്നത്.

Also Read:

വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള പരസ്യ വാങ്ങലുകൾ കാര്യക്ഷമമാക്കുന്നതിന് മെഷീൻ ലേണിംഗ് ടെക്‌നിക്കുകൾ ഗൂഗിൾ വ്യാപകമായി ഉപയോഗിച്ചുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. പുതിയ പരസ്യങ്ങൾ ഓട്ടോമാറ്റിക്കായി നിർമിക്കുന്നതിനായുള്ള എഐ ടൂളുകൾ വർഷങ്ങളായി ഗൂഗിൾ ഉപയോഗിച്ചുവരുന്നു. വളരെ കുറച്ച് ആളുകളെ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.

എഐ ടൂളുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഗൂഗിളിന്റെ പരസ്യ വാർഷിക വരുമാനത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ദശലക്ഷക്കണക്കിന് ഡോളർ കമ്പനി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയും കുറഞ്ഞ ജീവനക്കാരുടെ പങ്കാളിത്തവും ഉയർന്ന ലാഭമാണ് കമ്പനിക്ക് നൽകുന്നത്. ഗൂഗിളിനുള്ളിലെ എഐയുടെ പുരോഗതി ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമായേക്കാമെന്ന് നേരത്തെ തന്നെ ദ ഇൻഫർമേഷനിൽ നിന്നുള്ള റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

പ്രധാന പരസ്യദാതാക്കളുമായുള്ള ബന്ധം നിയന്ത്രിക്കുന്നതിന് കസ്റ്റമർ സെയിൽസ് യൂണിറ്റിലെ ചിലയാളുകൾ പിരിച്ചുവിടാനും മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റാനും സാധ്യതയുള്ളതായി റിപ്പോർട്ട് പറയുന്നു. ഈ ചുമതലകളിൽ എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് തലത്തിലുള്ള ഗൂഗിൾ ആഡ്‌സ് മീറ്റിംഗിൽ ചർച്ചയും നടന്നിരുന്നു.

ഈ വർഷം മെയിൽ ഗൂഗിൾ പരസ്യങ്ങൾക്കുള്ളിൽ സ്വാഭാവിക ഭാഷാ സംഭാഷണാനുഭവം അവതരിപ്പിക്കുന്ന എഐ ഉപയോഗസാധ്യതകൾ കമ്പനി അവതരിപ്പിച്ചിരുന്നു. വെബ്‌സൈറ്റുകൾ സ്‌കാൻ ചെയ്യുന്നതിനും കീവേഡുകൾ, തലക്കെട്ടുകൾ, വിവരണങ്ങൾ, ചിത്രങ്ങൾ എന്നിവ സ്വന്തമായി നിർമിക്കാനും എഐയെ പ്രയോജനപ്പെടുത്തി പരസ്യ ക്യാമ്പയിനുകൾ സൃഷ്ടിക്കൽ ലളിതമാക്കാനുമായിരുന്നു ഗൂഗിൾ ലക്ഷ്യമിട്ടത്.

പെര്‍ഫോമന്‍സ് മാക്‌സ് (പി മാക്‌സ്) എന്ന എഐ നിർമിത ടൂളാണ് പരസ്യ നിർമാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. മെയിൽ ചില അപ്‌ഡേറ്റുകൾ പി മാക്‌സിൽ വന്നിരുന്നു. ഇതുവഴി ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്‌ഫോമുകളില്‍ എവിടെയെല്ലാം പരസ്യങ്ങള്‍ സ്ഥാപിക്കണം എന്ന് പരസ്യദാതാക്കൾക്ക് സ്വന്തമായി തീരുമാനിക്കാം, പി മാക്സ് ഇതിന് സഹായിക്കും. പി മാക്സ് ജനപ്രീതി കയ്യേറുമ്പോൾ ഡിസൈന്‍, വിതരണം തുടങ്ങിയ മേഖലകളിൽ മാൻ പവർ ഉപയോഗിക്കുന്നത് കുറഞ്ഞുവരും. അതായത്, ഈ വിഭാഗത്തിൽ തൊഴിൽ ചെയ്യുന്ന മനുഷ്യർക്ക് അവസരം നഷ്ടപ്പെടുമെന്ന് സാരം. ഇത് കമ്പനിക്ക് എന്തുകൊണ്ടും ലാഭമാണ്.

ഒരു വർഷം മുമ്പുള്ള കണക്കനുസരിച്ച് ഏകദേശം 13,500 വ്യക്തികളാണ് ഗൂഗിളിലെ സെയിൽസ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും മാസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *