കോഴിക്കോടിന്റെ പുതിയ കലക്ടറായി എ ഗീത ചുമതലയേറ്റു
കോഴിക്കോടിന്റെ 43ാമത് കലക്ടറായി എ ഗീത ചുമതലയേറ്റു. എ.ഡി.എം. സി മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നൽകി കലക്ടറെ സ്വീകരിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുമെന്ന് ചുമതല ഏറ്റ ശേഷം കലക്ടർ പറഞ്ഞു. 18 മാസം വയനാട് കലക്ടറായ പരിചയത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പരസ്പരം ചർച്ച ചെയ്തുകൊണ്ട് ഒന്നിച്ച് മുന്നോട്ടുപോയത് കൊണ്ടാണ് അതൊരു വലിയ വിജയമായി മാറിയത്. ഇത്തരത്തിൽ കൂട്ടായ പ്രവർത്തനങ്ങളാണ് കോഴിക്കോടും പ്രതീക്ഷിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.
പൊതുജനങ്ങൾക്ക് സന്ദർശനത്തിന് എല്ലാ ദിവസവും ഒരു നിശ്ചിത സമയം അനുവദിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കുന്നതിന് തടസ്സമില്ല. അഴിമതി അനുവദിക്കില്ലെന്നും ജോലിയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്നും കലക്ടർ പറഞ്ഞു.
ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കും. ഞെളിയൻ പറമ്പ് സന്ദർശിച്ച് നിജ സ്ഥിതി വിലയിരുത്തും. ഗതാഗത കുരുക്ക് ഉൾപ്പെടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്നും കലക്ടർ പറഞ്ഞു.
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സമയ ക്രമീകരണം ഒരുക്കും. നിലവിൽ ചുരത്തിലെ അടിയന്തിര ഘട്ടങ്ങൾ നേരിടാൻ ക്രെയ്ൻ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ എത്താൻ താമസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ അടിവാരത്ത് ഒരു ഹബ്ബ് സൗകര്യമൊരുക്കേണ്ടതുണ്ടെന്നും കലക്ടർ പറഞ്ഞു.
ഭാര കൂടുതലുള്ള വാഹനങ്ങളാണ് ചുരത്തിൽ മിക്കവാറും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഭാരം പരിശോധിക്കാൻ ലക്കിടിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുപോലെ കോഴിക്കോടും ഭാര പരിശോധനാ കേന്ദ്രം തുടങ്ങുമെന്നും കലക്ടർ പറഞ്ഞു.
ഡി ഡി സി എം.എസ് മാധവിക്കുട്ടി, സബ് കലക്ടർ വി.ചെത്സാസിനി, ഡെപ്യൂട്ടി കലക്ടർമാർ, ഉദ്യോഗസ്ഥർ, കലക്ടറേറ്റിലെ ജീവനക്കാർ മാധ്യമപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
A Geetha has taken charge as the new Collector of Kozhikode