വൈകുന്നേരം ആകാശത്ത് നിഗൂഢത നിറച്ച ‘വെളിച്ചം’ ഉപഗ്രഹമോ മിസൈലോ; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച
ഇന്നലെ വൈകിട്ട് 5.50 മുതൽ 5.55 വരെ അഞ്ച് മിനിറ്റ് നേരമാണ് ആകാശത്ത് സ്പോട്ട് ലൈറ്റ് പോലെ പ്രകാശം തെളിഞ്ഞത്
കൊൽക്കത്തയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട വെളിച്ചത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളില് ചൂടേറിയ ചർച്ച. ഇന്നലെ വൈകിട്ട് 5.50 മുതൽ 5.55 വരെ അഞ്ച് മിനിറ്റ് നേരമാണ് ആകാശത്ത് സ്പോട്ട് ലൈറ്റ് പോലെ പ്രകാശം തെളിഞ്ഞത്.
കൊൽക്കത്തയെ കൂടാതെ ബങ്കുര, കിഴക്കൻ- പടിഞ്ഞാറൻ മിഡ്നാപൂർ, നോർത്ത് സൗത്ത് 24 പർഹാന, ഹൗറ, ഹൂഗ്ലി എന്നീ പ്രദേശങ്ങളിലും ഒഡീഷയിലെ ചില ജില്ലകളിലും ഈ പ്രതിഭാസം ദൃശ്യമായി.
എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. ഉപഗ്രഹമോ, മിസൈലോ ആണോ ഇതിന് കാരണമെന്നതിലും വിദഗ്ധർക്ക് ഉറപ്പില്ല. സ്പോട്ട്ലൈറ്റ് പോലെയുള്ള വെളിച്ചം ചലിക്കുന്നതായാണ് ആകാശത്ത് കാണാൻ കഴിഞ്ഞതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
ആണവ വാഹക ശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വ്യാഴാഴ്ച നടന്നിരുന്നു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ഐലൻഡിൽ വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം. മൂന്ന് ഘട്ടങ്ങളുള്ള സോളിഡ്-ഇന്ധനം ഘടിപ്പിച്ച എഞ്ചിനാണ് മിസൈൽ ഉപയോഗിക്കുന്നതെന്നും ഉയർന്ന കൃത്യതയോടെ 5,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ മിസൈലിന് കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മിസൈൽ പരീക്ഷണം. അതേസമയം, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തെ ആകാശത്ത് കണ്ട നിഗൂഢമായ പ്രകാശം മിസൈൽ പരീക്ഷണത്തിൽ നിന്നാണോ എന്ന് വ്യക്തമായിട്ടില്ല.