ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

 

ജിദ്ദ: ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്. സെപ്റ്റംബർ 19നാണ് ഇവർ ഉംറ കർമത്തിനായി മക്കയിലെത്തിയത്. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ഒക്ടോബർ 28ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ദിവസത്തോളം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം.

 

ഇദ്ദേഹത്തിന്റെ ഭാര്യ അക്കരമ്മൽ ഹാജറുമ്മ പായിപ്പുല്ല് ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന. മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *