തപാൽ ദിനത്തിൽ പോസ്റ്റ് ഓഫിസിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു
ഒക്ടോബർ പത്ത് ദേശീയ തപാൽ ദിനത്തിൽ കുഴിമണ്ണ ജി എച് എസ് എസ്, സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾ കുഴിമണ്ണ പോസ്റ്റ് ഓഫിസിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗമായ ലെറ്റർ ടു ഗോഡ് എന്നതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തപാൽ ദിനത്തിൽ തന്നെ പഠന യാത്ര സംഘടിപ്പിച്ചത്. ക്ലാസ് ലീഡർ അഭിശാന്ത് പി യാത്രാ ഉദ്ദേശത്തെ കുറിച്ച് പോസ്റ്റ് മിസ്ട്രസ് സൽമത്ത്, അനീഷ് എന്നിവരോട് വിശദമായി സംസാരിച്ചു. കുട്ടികൾ പോസ്റ്റ് ഓഫിസിനുള്ളിൽ കയറി ഒരാൾ കത്ത് പോസ്റ്റ് ചെയ്യുന്നത് തൊട്ട് കത്ത് കൈപ്പറ്റുന്നത് വരെയുള്ള ഘട്ടങ്ങൾ ഓരോന്നും വിശദമായി ചോദിച്ചറിഞ്ഞു. പുളിക്കൽ സൈതലവി, മുജീബ് റഹ്മാൻ തുടങ്ങിയവർ കുട്ടികളുടെ ഓരോ ചോദ്യങ്ങൾക്കും വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. കത്തുകളിൽ സീൽ വെക്കുന്നതും , ഇവ പ്രത്യേകം സോർട്ടിങ് ബോക്സുകളിലെക്ക് തരം തിരിക്കുന്നതും തുടർന്ന് പ്രത്യേക സഞ്ചികളിൽ ചാക്കുകളിലേക്ക് മാറ്റി പ്രത്യേക രീതിയിൽ കെട്ടി അരക്ക് വെച്ച് ഒട്ടിക്കുന്നതും തുടർന്ന് മെയിൽ വണ്ടികളിൽ കയറ്റി RMS ഓഫിസുകളിലേക്ക് എത്തുന്നതും ആയ കത്തുകളുടെ യാത്രക്കൊപ്പമായിരുന്നു കുട്ടികൾ കുറച്ച് നേരം . സ്റ്റാമ്പുകൾ, കവറുകൾ, കാർഡുകൾ, ഇൻലൻഡുകൾ, എയർ മെയിൽ, വിവിധ സമ്പാദ്യ സ്കീമുകൾ , മണി ഓർഡർ , വി പി പി ,തുടങ്ങി പോസ്റ്റ് ഓഫീസിൽ നിന്നും ലഭ്യമായ നൂതന സംവിധാനങ്ങൾ വരെ കുട്ടികൾ തിരിച്ചറിഞ്ഞു കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന തപാൽ പെട്ടി മാതൃകകൾ പ്രദർശിപ്പിച്ചു. കൂടാതെ പോസ്റ്റ് ഓഫീസിൽ നിന്നും മധുര പലഹാരവും സമ്മാനവും നൽകിയാണ് കുട്ടികളെ പറഞ്ഞയച്ചത്. ക്ലാസ് ടീച്ചർ ഷരിഫ.കെ , ശ്രീലത ബി.ടി, ജയൻ പി സംബന്ധിച്ചു.