വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി

മാനന്തവാടി∙ വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ഇവിടത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി രണ്ടു റൗണ്ട് മയക്കുവെടി വച്ച് കീഴടക്കുകയായിരുന്നു.

വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവ തന്നെയാണ് പിടിയിലായതെന്നാണ് നിഗമനം. ഇക്കാര്യം 99 ശതമാനം ഉറപ്പിക്കാമെന്നു നോർത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. എന്നാൽ, ആളുകൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു. അതിനിടെ, കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ നാട്ടുകാരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്.

അതേസമയം, ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവയെ പിടികൂടാന്‍ കഴിഞ്ഞതില്‍ ആശ്വാസമെന്ന് ജില്ലാ കലക്ടര്‍ എ.ഗീത പറഞ്ഞു. ‘‘ഈ പ്രദേശത്ത് കടുവ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇത്തരം ജനവാസമേഖലകളില്‍ കടുവ എത്തിയതിന്റെ കാരണങ്ങളെക്കുറിച്ച് തുടര്‍പഠനം നടത്തും’’– കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *