മണിപ്പൂരിൽ സൈനിക ക്യാമ്പ് വളഞ്ഞ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം 12 പ്രക്ഷോഭകാരികളെ മോചിപ്പിച്ചു
ഇംഫാൽ: മണിപ്പൂരിൽ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച് ഇന്ത്യൻ സൈന്യം. പ്രക്ഷോഭകാരികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ നയിച്ച 1200 പേരുടെ സംഘം ക്യാമ്പ് വളഞ്ഞിരുന്നു. തുടർന്ന് ആളുകളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ഇവരെ മോചിപ്പിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
സ്ത്രീകൾ നയിച്ച വലിയൊരു സംഘത്തിന് നേരെ ബലപ്രയോഗം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാവും. മരണമുൾപ്പടെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽകണ്ടാണ് മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു. പക്വതയുള്ള തീരുമാനമാണ് സൈന്യം എടുത്തതെന്നും ഇത് അവരുടെ മാനുഷിക മുഖം വെളിവാക്കിയെന്നും സൈനിക കമാൻഡർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ സൈന്യം പിടികൂടിയിരുന്നു. 2015ൽ സൈന്യത്തിന്റെ ദ്രോഗ്ര യൂണിറ്റിന് നേരെ വരെ അക്രമണം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമെത്തി മോചിപ്പിച്ചത്. ഒരു ദിവസം നീണ്ട സംഘർഷത്തിനൊടുവിലാണ് 12 പ്രക്ഷോഭകാരികളേയും വിട്ടുകൊടുക്കാൻ സൈന്യം തീരുമാനിച്ചത്.