ലോൺ ആപ്പിൽ നിന്ന് 2500 രൂപ ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ

മലപ്പുറം: വെറും 2500 രൂപ ആപ്പിൽ നിന്ന് ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ. തിരിച്ചടവ് മുടങ്ങിയപ്പോൾ പുതിയ ആറ് ആപ്പുകളിൽ നിന്ന് ലോണെടുക്കാനും ഭീഷണി. ഫോണിന്റെ നിയന്ത്രണം ആപ്പുകാർ കൈവശമാക്കി മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് മലപ്പുറത്തെ ഒരു യുവാവ്.[A young man who took a loan of 2500 rupees from loan app had to repay 2.5 lakh rupees.]

പ്ലേ സ്റ്റോറിൽ കണ്ടതിനാൽ സുരക്ഷിതമാണെന്ന് കരുതിയാണ് എം.ബി.എ ബിരുദധാരിയും സ്വകാര്യ കമ്പനിയിലെ മാനേജറുമായ യുവാവ് 2500 രൂപ വായ്പ എടുത്തത്. 90 ദിവസം കൊണ്ട് തിരിച്ചടക്കണമെന്നാണ് പരസ്യത്തിൽ കണ്ടത്. അഞ്ചാമത്തെ ദിവസം മുതൽ തിരിച്ചടവിനായി വിളി തുടങ്ങി. ഇതുവരെ നൂറിരട്ടി രൂപ തിരിച്ചടക്കേണ്ടി വന്നു.

ലോൺ അടക്കാൻ പണമില്ലാത്ത സാഹചര്യം വരുമ്പോൾ പുതിയ ലിങ്കിൽ നിന്ന് പണമെടുക്കാനായി നിർദേശം വന്നു. ഭീഷണി ഭയന്ന് ആറ് ആപ്പുകളിൽ നിന്ന് പണമെടുത്ത് കടം വീട്ടികൊണ്ടിരിക്കുകയാണ് ഈ യുവാവ്. ആദ്യ ലോൺ എടുത്തതോടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയിലായി. ഫോണിലുളള നമ്പറുകളിലേക്ക് നിരന്തരം അപകീർത്തി സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും അയക്കാൻ തുടങ്ങി.

ജോലിക്ക് പോകാൻ പോലുമാകാതെ ദിവസങ്ങളായി ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ യുവാവ്. ഇതേ പ്രതിസന്ധി അനുഭവിക്കുന്ന, എന്നാൽ അപമാനം ഭയന്ന് തുറന്ന് പറയാൻ തയ്യാറാവാത്ത നിരവധി പേരുണ്ട്. [A young man who took a loan of 2500 rupees from loan app had to repay 2.5 lakh rupees.]

Leave a Reply

Your email address will not be published. Required fields are marked *