‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്‌ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്.  പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ.

കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ഒരുമിച്ച് കളിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത്. കളിക്കളത്തിലെ കൂട്ടുകെട്ടിനപ്പുറം അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പരസ്പര ബഹുമാനവും പിന്തുണയും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

എന്നാൽ കോഹ്‌ലിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വ്യത്യസ്തമായിരുന്നുവെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. കോഹ്‌ലി അഹങ്കാരിയും അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നയാളുമായി തോന്നിയിരുന്നോ എന്ന ചോദ്യത്തിന്, അന്നത്തെ തന്റെ ആദ്യ ധാരണ അങ്ങനെയായിരുന്നുവെന്നും കോഹ്‌ലിയും അതിനോട് യോജിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മറുപടി നൽകി.

കോഹ്‌ലിയുടെ പെരുമാറ്റത്തിൽ പ്രകടമായിരുന്ന ആത്മവിശ്വാസമാണ് അത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ഡിവില്ലിയേഴ്‌സ് വിശദീകരിച്ചു. ക്രിക്കറ്റ് കളിക്കുമ്പോൾ കോഹ്‌ലി എപ്പോഴും ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും അത് ചിലപ്പോൾ അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ വിജയങ്ങൾ നേടാൻ സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അനിവാര്യമാണ്. എന്നാൽ ആ ആത്മവിശ്വാസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാലക്രമേണ പഠിക്കേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു. 21-ാം വയസിൽ തന്നെ വളരെ ആത്മവിശ്വാസമുള്ള യുവതാരമായിരുന്നു കോഹ്ലി. വലിയ വിജയങ്ങൾ നേടാൻ അത്തരം ആത്മവിശ്വാസം വേണം. സ്വന്തം കഴിവുകളിൽ നമ്മൾ എപ്പോഴും വിശ്വസിക്കേണ്ടതുണ്ട്.’-എബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ലോകക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ ബാറ്റർമാരിൽ ഒരാളായി വളർന്ന കോഹ്‌ലിയുടെ യാത്രയിൽ ആത്മവിശ്വാസത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നുവെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.