അധിക്ഷേപ പരാമർശം: ഇർഷാദിനെതിരെ കേസ്
കായംകുളം: ഇടത് സ്ഥാനാർഥി യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റായിരുന്ന എ. ഇർഷാദിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട നിർദേശം കലക്ടറാണ് പൊലീസിന് നൽകിയത്. അശ്ലീലം പ്രചരിപ്പിക്കുക, അപകീർത്തിപ്പെടുത്തുക, ശല്യപ്പെടുത്തുക, നവമാധ്യമ പ്രചാരണം എന്നിവയാണ് ഇർഷാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇതിൽ നവമാധ്യമങ്ങളിലൂടെ അശ്ലീല കാര്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ലീഗ് നേതാവിന്റെ അതിരുവിട്ട പ്രയോഗങ്ങളുണ്ടായത്.
സംഭവം വിവാദമായതിനെ തുടർന്ന് ഇർഷാദിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുകയും ലീഗിൽനിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ എൽ.ഡി.എഫ് പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ കായംകുളം നഗരത്തിലും പ്രതിഷേധമുണ്ടായി.
