എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; സർവീസ് ചട്ടലംഘനം പരിശോധിക്കുന്നതിന് മുൻഗണന
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ സർവീസ് ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുൻഗണന. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടായിരുന്നോ കൂടിക്കാഴ്ച എന്നതാണ് സംസ്ഥാന പൊലീസ് മേധാവി പ്രധാനമായും പരിശോധിക്കുക. കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്തായിരുന്നുവെന്നത് കണ്ടെത്തുന്നത് ശ്രമകരമാണെന്ന് വിലയിരുത്തലുണ്ട്.
2023 മെയ് 22ന് തൃശൂരിൽ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്‍റെ പത്താം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ വെച്ച് ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് അന്വേഷിക്കുക. ഈ കൂടിക്കാഴ്ചകളിൽ സർവീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നത് കണ്ടെത്തുന്നതിനാണ് അന്വേഷണത്തിൽ മുൻഗണന നൽകുക. എഡിജിപി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സർക്കാരിന്‍റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതി തേടിയിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷണ വിധേയമാകും. എന്നാൽ കൂടിക്കാഴ്ചയുടെ ഉദ്ദേശമോ, കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തൽ. എഡിജിപിയുടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിനപ്പുറം അന്വേഷണ സാധ്യതകൾ ഇതിലില്ല എന്നതാണ് കാരണം.
കേസ് രജിസ്റ്റർ ചെയ്തുകൊണ്ടുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർഎസ്എസിന്‍റെ ഉന്നത നേതാക്കളായ ഹൊസബാലയുടെയും രാം മാധവിന്‍റെയും മൊഴി രേഖപ്പെടുത്താനും കഴിയില്ല. എന്നാൽ അജിത് കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആർഎസ്എസ് നേതാവ് എ. ജയകുമാറിനോട് മൊഴിയെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡിജിപി ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. ദത്താത്രേയ ഹൊസബാലയുമായി നടന്ന കൂടിക്കാഴ്ചയിൽ ജയകുമാറും പങ്കെടുത്തിരുന്നു. രാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്ത കണ്ണൂർ സ്വദേശിയായ വ്യവസായിയുടേതടക്കമുള്ള മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്താനും നീക്കമുണ്ട്.