ആദിവാസി യുവതി പ്രീതക്ക് കുഞ്ഞ് പിറന്നത് ഓട്ടോയിൽ; ആശ വർക്കറുടെ മനോധൈര്യം തുണയായി
കാഞ്ഞിരപ്പുഴ: ആശ വർക്കർ ശാലിനിയുടെ ആത്മധൈര്യം രക്ഷിച്ചത് ആദിവാസി യുവതിയെയും കുഞ്ഞിനെയും. കാഞ്ഞിരപ്പുഴ വെള്ളത്തോട് കോളനിയിലെ ചന്ദ്രന്റെ ഭാര്യ പ്രീത (28) പ്രസവവേദനയെ തുടർന്ന് മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ വേദന കലശലായി. കോളനിയിൽനിന്ന് ഓട്ടോയിൽ പുറപ്പെട്ട് പത്ത് മിനിറ്റ് കഴിഞ്ഞിരുന്നു.
കാഞ്ഞിരത്ത് ഓട്ടോ നിർത്തി പുതപ്പ് ഉപയോഗിച്ച് വാഹനം മറച്ചു. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പൊക്കിൾകൊടി മുറിക്കാൻ സുരക്ഷിത ആയുധങ്ങൾ കൈവശമുണ്ടായിരുന്നില്ല. കൈവശമുള്ള ബാസ്കറ്റിലെ തുണിയെടുത്ത് കുഞ്ഞിനെ പുതപ്പിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി.
മാസങ്ങൾക്ക് മുമ്പ് മുഡുഗ വിഭാഗത്തിൽപെട്ട പ്രീതയുടെ മൂന്നാമത്തെ കുഞ്ഞ് ശ്വാസനാളത്തിൽ പാൽ കുടുങ്ങി മരിച്ചിരുന്നു. ഇവരുടെ ഇപ്പോഴത്തെ പെൺകുഞ്ഞിന് 2.74 കിലോഗ്രാം ഭാരമുണ്ട്. അമ്മയും കുഞ്ഞും താലൂക്ക് ആശുപത്രിയിൽ സുഖമായിരിക്കുന്നു. സുചിത്ര, എബിൻ എന്നീ കുട്ടികളും പ്രീതക്കുണ്ട്.
ഒറ്റപ്രസവത്തിൽ മൂന്ന് കൺമണികൾക്ക് ജന്മം നൽകിയ ആശ വർക്കറും കാഞ്ഞിരപ്പുഴ വർമ്മംകോട് വേണുഗോപാലന്റെ ഭാര്യയുമായ ശാലിനിയാണ് (42) ഓട്ടോയിൽ പ്രസവമെടുത്ത് അമ്മക്കും കുഞ്ഞിനും രക്ഷയായത്. ശാലിനിയുടെ സമയോചിത ഇടപെടൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രശംസ പിടിച്ചുപറ്റി. പ്രസവമെടുത്ത് പരിചയമൊന്നുമില്ലെന്ന് ശാലിനി ‘മാധ്യമ’ത്തോട് പറഞ്ഞു. ഡിഗ്രി വിദ്യാർഥികളായ അക്ഷയ്, അഭിഷേക്, അഭിനവ് എന്നിവരാണ് മക്കൾ. 2011ലാണ് ശാലിനി ആശ പ്രവർത്തകയായി ചുമതലയേറ്റത്.