തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ
തിരുവനന്തപുരം: തീര ശോഷണം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന പ്രതിസന്ധിയാണെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ കുനാൽ സത്യാർഥി. മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികൾ, മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ച കരട് നയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു് ഇന്ന് നടന്ന ദേശീയ ശിൽപശാലയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
തീര ശോഷണം മന്ദ ഗതിയിലാണെങ്കിലും അതിനെ ഗൗരവത്തോടെ കാണേണ്ടാതാണ്. തീരശോഷണം തടയാൻ കേരളത്തിൽ നടപ്പാക്കിയിട്ടുള്ള ടെട്രാപോഡ് ഉൾപ്പെടെയുള്ള നൂതന രീതികൾ ഏറെ ഫലപ്രദമാണെന് ശില്പശാല ഉത്‌ഘാടനം ചെയ്യവേ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സി.ഇ.ഓയും ചീഫ് സെക്ട്രട്ടറിയുമായ വി.പി ജോയ് പറഞ്ഞു..
ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം പോലെ ഗൗരവംമേറിയ വിഷയമാണ് തീര ശോഷണവും. കണ്ടൽ കാടുകളുടെ വ്യാപനമാണ് തീര ശോഷണം തടയാനുള്ള പ്രകൃതിദത്ത മാർഗം. 2050ൽ ക്ലൈമറ്റ് ന്യൂട്രൽ എന്ന ലക്ഷ്യം കേരളം അതിനു മുൻപ് തന്നെ കൈവരിക്കുമെന്ന് വി.പി ജോയ് പറഞ്ഞു. തീരശോഷണം തടയാനുള്ള മാർഗങ്ങൾ ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശിക തലത്തിൽ നടപ്പാക്കുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഡിഷണൽ ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൺവീനറുമായ എ.ജയതിലക്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ.എസ് വാട്സ, സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ ടി.വി അനുപമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും സംയുക്തമായിയാണ് ശിൽപശാല സംഘടിപ്പിച്ചത്.14 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. തീരദേശ-നദി ശോഷണം ലഘുകരിക്കാനുള്ള ദേശീയ നയം, ദുരന്ത ലഘൂകരണ പദ്ധതികൾ, തീരദേശ മേഖലകളിലെ പുനരധിവാസം, ലഘൂകരണ പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.
Adviser to National Disaster Management Authority to take coastal erosion seriously