അണ്ടർ 20 ഫുട്ബാൾ: ജോർഡനോട് കീഴടങ്ങി ബഹ്റൈൻ

മനാമ: എ.എഫ്.സി അണ്ടർ 20 ഏഷ്യൻ ഫുട്ബാൾ ടൂർണമെന്റിൽ ബഹ്റൈൻ ജോർഡനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. ബഹ്റൈനിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇൻജുറി സമയത്താണ് ജോർഡൻ വിജയഗോൾ നേടിയത്. ബദർ അൽ അഅ്സമിലൂടെ ജോർഡനാണ് ആദ്യം ലീഡ് നേടിയത്.

രണ്ടാം പകുതിയിൽ നാസർ മജ്ദിയിലൂടെ ബഹ്റൈൻ ഗോൾ മടക്കി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച അവസാന ഘട്ടത്തിലാണ് പകരക്കാരനായി ഇറങ്ങിയ സഊദ് ഫിറാസ് ബഹ്റൈന്റെ ഹൃദയം തകർത്ത വിജയഗോൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരവും ജയിച്ച ജോർഡന് ആറ് പോയന്റുണ്ട്. ആദ്യ മത്സരത്തിൽ താജികിസ്ഥാനെ 3-2ന് തോൽപിച്ച ബഹ്റെന് മൂന്ന് പോയന്റുണ്ട്. അഫ്ഗാനിസ്ഥാനെ 4-1ന് തോൽപിച്ച താജികിസ്ഥാനും മൂന്ന് പോയന്റാണുള്ളത്. ഞായറാഴ്ച രാത്രി 8.30ന് ബഹ്റൈൻ അഫ്ഗാനിസ്ഥാനെയും വൈകട്ട് അഞ്ചിന് താജികിസ്ഥാൻ ജോർഡനെയും നേരിടും. ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളും. 8 ഗ്രൂപ്പ് വിജയികളും 7 മികച്ച രണ്ടാം സ്ഥാനക്കാരുമാണ് 2027 മാർച്ച് 24 മുതൽ ഏപ്രിൽ 10 വരെ ചൈനയിൽ നടക്കുന്ന അണ്ടർ-20 ഏഷ്യൻ കപ്പിന് യോഗ്യത നേടുക