ഡൽഹി പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജരിവാളിന് എതിരെ ബിജെപി കുരുക്ക് മുറുക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമെ ഡൽഹിയിലെ ഫലം പഞ്ചാബിലും തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി.
ഡല്‍ഹിയിലെ വന്‍ തോല്‍വിക്ക് പിന്നാലെ അരവിന്ദ് കേജ്‍രിവാളിന്‍റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭാവിയെന്ത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെജ്‌രിവാൾ പറയുമ്പോളും പാർട്ടിക്ക് മുന്നിൽ പ്രതിസന്ധികൾ ഏറെയാണ്. അതിൽ ഏറ്റവും വലിയ വെല്ലുവിളി ഡൽഹി മദ്യ നയ അഴിമതിക്കേസ് തന്നെയാണ്. ജാമ്യം ലഭിച്ചെങ്കിലും സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസില്‍ കേജ്‍രിവാളിനും, ഒപ്പമുള്ളവരും കുറ്റവിമുക്തരാകണം. ഇതിന് പുറമെ ഇൻഡ്യ സഖ്യത്തില്‍ ആപ്പിന്‍റെ പ്രാധാന്യം നിലനിര്‍ത്തണം. ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും പഞ്ചാബിലെ ഭരണവും നിലനിര്‍ത്തണ്ടേതുണ്ട്.
ഡല്‍ഹിയിലെ ആംആദ്മിയുടെ തോല്‍വിയുടെ നേട്ടം പഞ്ചാബിൽ പ്രതിഫലിക്കുമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷ. ആംആദ്മിയുടെ കരുത്ത് നഷ്ടമായത്തോടെ പഞ്ചാബില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം കൂടെയുള്ളവരില്‍ എത്ര എംഎല്‍എമാര്‍ അഞ്ച് വര്‍ഷവും ഒപ്പമുണ്ടാവും എന്നതും ആം ആദ്മി പാർട്ടിക്ക് മുന്നിൽ ചോദ്യചിഹ്നമാണ്.