മുടിമുറിക്കൽ സമരത്തിന് ശേഷം മുറിച്ച മുടിയും കൈയിലുയർത്തി ശക്തമായ പ്രതിഷേധ പ്രകടനം നടത്തി
തിരുവനന്തപുരം: രാവിലെ 11 മണിയോടെ മുടിയഴിച്ചിട്ട് പ്രതിഷേധ പ്രകടനം നടത്തിയ ആശാവർക്കർമാർ മുടിമുറിക്കൽ സമരത്തിന് ശേഷം മുറിച്ച മുടിയും കൈയിലുയർത്തി ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. മുറിച്ചുമാറ്റിയ മുടി ചരടിൽ കോർത്ത് സമരവേദിക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്ന് എത്തിയ ആശാവർക്കർമാരും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളുമാണ് സമരവേദിയിൽ മുടിമുറിച്ചത്.
വിശ്രമമില്ലാത്ത ജോലിയും ലജ്ജാകരമാംവിധം തുച്ഛമായ വരുമാനവുമായി ജീവിച്ചു പോകാനാകാത്ത സാഹചര്യത്തിലാണ് വേതന വർധനയും, വിരമിക്കൽ ആനുകൂല്യവും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ ഉയർത്തി ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്.
സംസ്ഥാന ബജറ്റിന് മുമ്പ് ആരോഗ്യമന്ത്രിയെ മന്ത്രിയെ നേരിട്ട് കണ്ടും വിവിധ ജില്ലകളിൽ നിന്നും ഞങ്ങളുടെ ആവശ്യങ്ങൾ ഉയർത്തി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ ആശാവർക്കർമാർ നിവേദനം സമർപ്പിച്ചിരുന്നു. ഈ ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് പടിക്കലെ സമരം ആരംഭിച്ചത്.
എന്നാൽ രാപകൽ സമരം 50 ദിവസവും നിരാഹാര സമരം 12 ദിവസവും പിന്നിടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം 50-ാം ദിവസം സമരവേദിയിൽ ആശാവർക്കർമാർ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിച്ചത്.
സെക്രട്ടറിയേറ്റ് പടിക്കൽ 50 ദിവസം പിന്നിടുന്ന രാപകൽ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മുടിമുറിക്കൽ സമരത്തിൽ സംസ്ഥാനത്തുടനീളം ആശാവർക്കർമാർ അണിചേർന്നു. ജില്ലകളിൽ ഒറ്റക്കും കൂട്ടായ്മ ആശാവർക്കർമാർ പ്രതിഷേധിച്ച് മുടി മുറിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും മുടിമുറിക്കൽ സമരത്തിൽ പങ്കാളികളായി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തിയ മാർത്തോമ സഭ വൈദികൻ രാജു പി ജോർജ് അശവർക്കർമാർക്ക് ഒപ്പം സമരവേദിയിൽ മുടി മുറിച്ചു. മാർത്തോമ സഭ പരിസ്ഥിതി സമിതി അംഗം ഫാ വി.എം. മാത്യു, ഫാ.ഡി സുനിൽ എന്നിവരും അദ്ദേഹത്തോടൊപ്പം സമരവേദിയിൽ എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ നായരും സമരവേദിയിൽ എത്തി ആശാവർക്കർമാർക്കൊപ്പം മുടി മുറിച്ചു.
പ്രഫ.എം.കെ. സാനു, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സാമൂഹ്യ പ്രവർത്തകരായ കുസുമം ജോസഫ്, കെ. അജിത, മുതിർന്ന മാധ്യമപ്രവർത്തക എം. സുചിത്ര തുടങ്ങി നിരവധി പേർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രതികരണങ്ങളിലൂടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്റോ ആൻറണി എം.പി, മാർത്തോമസഭ പരിസ്ഥിതി സമിതി അംഗം ഫാ. ഡോ.വി.എം മാത്യു,ഫാ.രാജു പി ജോർജ്, ഫാ .ഡി സുനിൽ, ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എം.എൽ.എ അൽഫോൻസാ ജോർജ്, ആർ.എസ്.പി കന്ദ്ര കമ്മിറ്റിയംഗം പി. ജി പ്രസന്നകുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ,ജില്ലാ പ്രസിഡൻറ് കരമന ജയൻ,പി. ഉഷ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ നായർ,മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, കേരള കോൺഗ്രസ് സെക്യുലർ സംസ്ഥാന ചെയർമാൻ കല്ലട ദാസൻ,ജനകീയ പ്രതിരോധ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ എന്നിവർ എത്തി.