ഇഗ്നോ കോഴ്സുകളുടെ അസൈൻമെന്റും നോട്ട്സും വിൽക്കാൻ ഏജൻസികൾ; ഇന്റേണൽ മാർക്കിനെ ബാധിക്കുന്നതായി വിദ്യാർഥികൾ

കോഴിക്കോട്: ഇഗ്‌നോ കോഴ്‌സുകളുടെ അസൈൻമെന്റും നോട്ട്‌സും വിൽക്കാനും ഏജൻസികൾ. ഇഗ്‌നോ അസൈൻമെന്റ് സൊല്യൂഷൻ എന്ന പേരിൽ വാട്ട്‌സ് ഗ്രൂപ്പ് വഴിയാണ് സംഘങ്ങളുടെ പ്രവർത്തനം. പണം നൽകിയുള്ള അസൈൻമെന്റ് സമർപ്പിക്കൽ വ്യാപിക്കുന്നത് മറ്റു വിദ്യാർഥികളുടെ ഇന്റേണൽ മാർക്കിനെയും ബാധിക്കുന്നു.

ഒരു അസൈൻമെന്റിന് വില 60 രൂപയാണ്. നോട്‌സാണെങ്കിൽ ഒരു വിഷയത്തിന് 80 രൂപയും. എല്ലാ വിഷയങ്ങൾക്കും കൂടി 840 രൂപയാകും. ഇഗ്‌നോ അസൈൻമെന്റ് സൊല്യൂഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ വിദ്യാർഥികളെ സമീപിക്കുന്നത്. പി ഡി എഫ് ഫോർമാറ്റിനാണ് ഈ വില. എഴുതി തയാറാക്കുന്നതാണെങ്കിൽ തുക കൂടും. സബ്‌ജെക്ട് കോഡും വിദ്യാർഥികളുടെ കാൻഡിഡേറ്റ് ഐ ഡിയും കൊടുത്ത് പണമടച്ചാൽ അസൈൻമെന്റുകളും മറ്റു പഠന സഹായികളും പാർസലായി വരും.

ഇങ്ങനെ കാശുകൊടുത്ത് അസൈൻമെന്റ് സമർപ്പിക്കുന്ന രീതി തുടരുന്നത് സ്വന്തമായി പഠിച്ച് അസൈൻമെന്റ് സമർപ്പിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വില കൊടുത്ത് അസൈൻമെന്റ് സമർപ്പിക്കുന്നത് പതിവായതോടെ അക്കാദമിക് കൌൺസിലർമാർ ഇന്റേണൽ മാർക്ക് കുറക്കുന്നതാണ് മറ്റു വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. സമാന കയ്യക്ഷരവും ഉള്ളടക്കവും കാരണം വിലക്ക് വാങ്ങുന്ന അസൈൻമെന്റുകൾ തിരിച്ചറിയപ്പെടും. ഇതോടെയാണ് ആ ബാച്ചിന്റെ ആകെ മാർക്ക് കുറക്കുന്ന സാഹചര്യമുണ്ടാകുന്നത്. പണം നൽകി അസൈന്മെന്റ് വിൽക്കുന്ന സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *