അഹമ്മദാബാദ് വിമാനദുരന്തം: പിഴവ് പൈലറ്റിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം; റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍

അഹമ്മദാബാദ്: വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് തള്ളി പൈലറ്റ് അസോസിയേഷൻ. പിഴവുകൾ പൈലറ്റിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. അതേസമയം അന്തിമ റിപ്പോർട്ട് , അപകടത്തിന്റെ എല്ലാ ഉത്തരങ്ങളും നൽകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

 

എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകടകാരണമെന്നാണ് എഎഐബിയുടെ(എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) പ്രാഥമിക കണ്ടെത്തൽ. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ ഇന്ധന സ്വിച്ചുകൾ രണ്ടും കട്ട് ഓഫ് ചെയ്തത് ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. ഇന്ധന സ്വിച്ചുകൾ കട്ട്‌ ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് സഹ പൈലറ്റിനോട് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നതും, ഞാൻ ഓഫ് ചെയ്തിട്ടില്ല എന്ന മറുപടിയും കോക്പിറ്റ് റെക്കോർഡുകളിൽ വ്യക്തമാണ്.

 

ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡുകൾ മാത്രമായിരുന്നു വിമാനം പറന്നത്. ഒരു എഞ്ചിന്റെ പ്രവർത്തനം നിലച്ചതോടെ രണ്ടാമത്തെ എഞ്ചിന്‍ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നൽകിയ മെയ്ഡേ സന്ദേശത്തിന് മറുപടി ലഭിക്കും മുമ്പ് വിമാനം കത്തിയമർന്നു. അതേസമയം അന്തിമ റിപ്പോർട്ട് വരുംവരെ നിഗമനങ്ങളിൽ എത്തിച്ചേരരുത് എന്ന് വ്യോമയാന മന്ത്രി പറഞ്ഞു.

 

വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും, വിമാനത്തിന് എഞ്ചിന്‍ തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ റിപ്പോട്ടിലെ രഹസ്യാത്മകതയിൽ സംശയമുന്നയിച്ച പൈലറ്റ് അസോസിയേഷൻ, നിർണായക വിവരങ്ങൾ ശേഖരിക്കാൻ യോഗ്യരായവരെ നിയോഗിച്ചിട്ടില്ലെന്നും ആരോപിച്ചു. ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിലെ ലോക്കിങ് സംവിധാനത്തിൽ പിഴവുകൾ ഉണ്ടെന്ന ഫെഡറൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കണ്ടെത്തലും ആരോപണങ്ങൾക്ക് ശക്തി കൂട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *