ഇന്ത്യയിൽ ആറാം ക്ലാസ് മുതൽ ഇനി എ.ഐ കോഴ്‌സും; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റി
ന്യൂഡൽഹി: ഇന്ത്യയിൽ എ.ഐയുടെ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ എ.ഐ കോഴ്‌സുകൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ഈ കോഴ്‌സുകൾ ആറാം ക്ലാസ് മുതൽ ആരംഭിക്കും.
ഈ കോഴ്‌സുകൾക്കായി സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ ‘നാഷണൽ പ്രോഗ്രാം ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (NPAI) സ്‌കില്ലിങ് ഫ്രെയിംവർക്കിന്’ കീഴിൽ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് പ്രഫഷണലുകളുടെ ഡിമാൻഡ് 2024ഓടെ ഒരു ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ജൂണിലെ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എ.ഐ വിദ്യാഭ്യാസം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ കോഴ്‌സുകൾ ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യത ചട്ടക്കൂടുമായും ദേശീയ ക്രെഡിറ്റ് ചട്ടക്കൂടുമായും യോജിപ്പിച്ച് രാജ്യത്തുടനീളമുള്ള എ.ഐ വിദ്യാഭ്യാസത്തിന് സ്ഥിരമായ സമീപനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന എ.ഐ മേഖലക്കൊപ്പം നിൽക്കാന്‍ ഈ ഫ്ലെക്‌സിബിൾ കോഴ്‌സ് സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമീഷൻ എന്നിവ ഉൾപ്പെടെയുള്ള റെഗുലേറ്ററി ബോഡികളെ എ.ഐ വിദ്യാഭ്യാസത്തിനായുള്ള മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്റെ വെബ്‌സൈറ്റായ www.ugc.gov.inൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നതാണ്.
നാസ്‌കോം റിപ്പോർട്ട് പ്രകാരം എ.ഐയുടെ ആവശ്യകതയിലും വിതരണത്തിലും 51 ശതമാനം കുറവ് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത് സ്‌കൂളുകളിലും ബിരുദ പ്രോഗ്രാമുകളിലും എ.ഐ കോഴ്‌സുകൾ ആരംഭിക്കുന്നതിലേക്ക് നയിച്ചു. ശ്രദ്ധാപൂർവം രൂപകല്പന ചെയ്ത, പ്രായത്തിന് അനുയോജ്യമായ സ്കൂൾ പാഠ്യപദ്ധതി അവശ്യ എ.ഐ തത്വങ്ങൾ, മെഷീൻ ലേണിങ്, ഡാറ്റ മാനേജ്മെന്റ്, പ്രോഗ്രാമിങ്, ധാർമിക പരിഗണനകൾ എന്നിവ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇത് കൂടാതെ എ.ഐ ആശയങ്ങളെക്കുറിച്ചും അധ്യാപന രീതികളെക്കുറിച്ചും അധ്യാപകരുടെ ധാരണ വർധിപ്പിക്കുന്നതിന് ഫാക്കൽറ്റി വികസന പരിപാടികളും ഉൾപ്പെടുത്താന്‍ റിപ്പോർട്ട് നിർദേശിക്കുന്നു.
വിവിധ എ.ഐ നൈപുണ്യ കോഴ്സുകൾ നിലവിൽ ലഭ്യമാണ്. കൂടുതൽ കോഴ്സുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഫ്യൂച്ചർ സ്‌കിൽസ് പ്രൈം (നാസ്‌കോം സെക്ടർ സ്‌കിൽ കൗൺസിൽ മേൽനോട്ടം വഹിക്കുന്നത്), എൻ.പി.ടി.ഇ.എൽ, സെന്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി.ഡി.എ.സി), എൻ.ഐ.ഇ.എൽ.ഐ.ടി എന്നിവ പോലുള്ള സ്ഥാപനങ്ങളാണ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നത്.