വായു മലിനം, ശ്വാസം മുട്ടി ഇന്ത്യ; 42 നഗരങ്ങളുടെ സ്ഥിതി ഗുരുതരം

 

വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശും പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. വായുവിലെ പിഎം 2.5 സാന്ദ്രത അടിസ്ഥാനമാക്കി 134 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണു ഐക്യു എയര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. 2022ൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥനമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. 2023ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ വായുമലിനീകരണതോത് ലോകാരോഗ്യ സംഘടന നിഷ്ടർഷിക്കുന്ന പരമാവധി അളവിൻ്റെ പത്തിരട്ടിയാണ്. ഒരു ക്യുബിക് മീറ്ററിൽ 54.4 മൈക്രോഗ്രാമാണ് രാജ്യത്തെ പിഎം 2.5 സാന്ദ്രത.

ബിഹാറിലെ ബെഗുസാരായ് ആണ് വായുമലിനീകരണം രൂക്ഷമായ മെട്രോപോളിറ്റൻ നഗരം. തൊട്ടുപിന്നാലെ ഗുവാഹത്തിയും ഡൽഹിയുമുണ്ട്. ബെഗുസാരായിലെ പിഎം 2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിൽ 118.9 മൈക്രോഗ്രാമാണ്. 2022നും 2023നുമിടയിൽ ഗുവാഹത്തിലെ പിഎം 2.5 സാന്ദ്രത 51ൽ നിന്നും 105.4 മൈക്രോഗ്രാം ആയി ഇരട്ടിച്ചു. വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയുടെ പിഎം 2.5 സാന്ദ്രത 89.1 നിന്നും 92.7 ആയി ഉയർന്നു. നാലാം തവണയാണ് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒൻപതും ഇന്ത്യയിലാണ്.

“വായുവിൻ്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നാല് നഗരങ്ങളും ഇന്ത്യയിലാണ്. ബെഗുസാരായിയും ഗുവാഹത്തിയും കഴിഞ്ഞാൽ ഡൽഹി മൂന്നാം സ്ഥാനത്താണ്. ഉത്തരവാദിത്തമുള്ള ഒരു ഗവൺമെൻ്റിൻ്റെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണിത്- ഖേദകരമെന്നു പറയട്ടെ നമുക്ക് അങ്ങനെയൊരു ഗവൺമെൻ്റില്ല” വിഷയത്തിൽ കോൺഗ്രസ് എംപി ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തു.

 

 

എന്താണ് പിഎം 2.5 ?

പിഎം 2.5 എന്നത് 2.5 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള കണികകളെ സൂചിപ്പിക്കുന്നു. വായുവിൽ തങ്ങിനിൽക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് കണികാ ദ്രവ്യം അഥവാ പർട്ടിക്കുലേറ്റ് മാറ്റർ (പിഎം). ഇവയെ പരുക്കൻ, മൃദുലം, അതീവ മൃദുലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പരുക്കൻ കണങ്ങൾക്ക് 2.5 മൈക്രോമീറ്റർ മുതൽ 10 മൈക്രോമീറ്റർ വരെ വ്യാസമുണ്ട് (മനുഷ്യൻ്റെ മുടിയേക്കാൾ 25 മുതൽ 100 ​​മടങ്ങ് വരെ കനംകുറഞ്ഞത്). പൊടിയും പൂമ്പൊടിയുമൊക്കെ ചില ഉദാഹരണങ്ങളാണ്. ഇന്ധനങ്ങളെരിയുന്നതിൻ്റെയും രാസപ്രവർത്തനങ്ങളുടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിൻ്റെയും ഫലമായി ഈ കണങ്ങൾ അന്തരീക്ഷത്തിൽ രൂപം കൊള്ളുന്നു. കാട്ടുതീയും പിഎം 2.5 നെ അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. പിഎം 2.5 സാന്ദ്രത കൂടിയ വായു ശ്വസിക്കുന്നതുമൂലം ക്യാൻസർ ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *