എലത്തൂരിൽ എ.കെ. ശശീന്ദ്രൻ തന്നെ; എൻ.എ. മുഹമ്മദ് കുട്ടി എൻ.സി.പി വിട്ടു, ഇടത് സ്ഥാനാർഥിയാകും
തിരുവനന്തപുരം/കളമശ്ശേരി: എലത്തൂർ, കുട്ടനാട്, മലപ്പുറം മണ്ഡലങ്ങളിലെ എൻ.സി.പി (എസ്.പി) സ്ഥാനാർഥികളെ അഖിലേന്ത്യ നേതൃത്വം പ്രഖ്യാപിച്ചു. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും കുട്ടനാട്ടിൽ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും വീണ്ടും ജനവിധി തേടും. എൻ.സി.പിക്ക് അനുവദിച്ച മൂന്നാമത്തെ മണ്ഡലമായ മലപ്പുറത്ത് കെ.ടി. മുജീബാണ് സ്ഥാനാർഥി. 2011 മുതൽ എലത്തൂരിലെ എം.എൽ.എയായ എ.കെ. ശശീന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം കനത്ത പ്രതിഷേധമുയർത്തിയിരുന്നു. കോഴിക്കോട് ജില്ല ഘടകം പ്രമേയവും പാസാക്കി. ഇതെല്ലാം മറികടന്നാണ് ദേശീയ നേതൃത്വം ശശീന്ദ്രനെ പ്രഖ്യാപിച്ചത്. തോമസ് കെ. തോമസും സിറ്റിങ് എം.എൽ.എയാണ്. കെ.ടി. മുജീബ് പുതുമുഖമാണ്.
അതേസമയം, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അജിത് പവാർ വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ.എ. മുഹമ്മദ് കുട്ടി പാർട്ടിയിൽനിന്ന് രാജി വെച്ചു. സ്ഥാനങ്ങൾ രാജിവെച്ചുകൊണ്ടുള്ള കത്ത് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ എം.പിക്ക് നൽകി. മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് രാജിയെന്ന് മുഹമ്മദ് കുട്ടി അറിയിച്ചു. മലപ്പുറം കോട്ടക്കലിൽ 2016 ലും 2021 ലും എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.
