മുഖ്യമന്ത്രിക്കെതിരായ ആരോപണം; അൻവറിനെ ഒറ്റക്കെട്ടായി നേരിടാൻ സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും, മന്ത്രി മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞ പി.വി അൻവർ എംഎൽഎയെ നേരിടാൻ ഒറ്റക്കെട്ടായി സിപിഎം നേതൃത്വം. പാർട്ടി അച്ചടക്ക നടപടിക്ക് പരിമിതി ഉണ്ടെങ്കിലും പാർലമെന്ററി രംഗത്ത് അൻവറുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് സിപിഎം തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാതെ നേർക്കുനേരുള്ള പോരാട്ടത്തിലാണ് അൻവറുമുള്ളത്.
പത്രസമ്മേളനത്തിൽ ഉന്നയിക്കാത്ത വിമർശനങ്ങളാണ് മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ പി.വി അൻവർ ഉയർത്തിയത്. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് ഇടപെടുന്നത്, മകളുടെ കേസുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരിക്കാം അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത്, തുടങ്ങിയ ആരോപണങ്ങളാണ് അൻവർ മീഡിയവണ്ണിൽ ഉയർത്തിയത്.
കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന അൻവറിനെ കൂട്ടത്തോടെ നേരിടാനാണ് സിപിഎം തീരുമാനം. ഇതിൻറെ ഭാഗമായിട്ടാണ്,മന്ത്രി വി ശിവൻകുട്ടി, എ.എ റഹീം എംപി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് അടക്കമുള്ളവർ അൻവറിനെതിരെ രംഗത്ത് വന്നത്.
യുദ്ധമുഖം തുറക്കുമ്പോൾ അൻവറിന്റെ ലക്ഷ്യം എഡിജിപി എം.ആർ അജിത് കുമാറും, പി. ശശിയുമായിരുന്നെങ്കിലും, പിന്നീട് കളം മാറി. മുഖ്യമന്ത്രിയെ നേരിട്ടായിരുന്നു പിന്നീട് അൻവർ ലക്ഷ്യം വച്ചത്. ഇതോടെ സിപിഎം നേതാക്കൾ അൻവറിനെ ശത്രുപക്ഷത്താക്കി കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളും, മന്ത്രിമാരും അൻവറിനെതിരെ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇന്നും നാളെയുമായി കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകും.
അതേസമയം, അൻവർ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായി ഉയർന്നു വരും. മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ, കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തത് അടക്കമുള്ള വിഷയങ്ങൾ സമ്മേളനങ്ങൾക്കുള്ള ചർച്ചാവിഷയമായിട്ടാണ് അൻവർ ഇട്ടു നൽകിയിരിക്കുന്നത്. പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ട് എന്ന് വിലയിരുത്തുമ്പോഴും, അവർക്കും ഇനി നിലമ്പൂർ എംഎൽഎയെ തള്ളി പറയേണ്ടിവരും. ചുരുക്കത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കളരിയിൽ അടവിന്റെയും, തടവിൻ്റേയും ദിവസങ്ങളാണിനി വരാനുള്ളത്.