ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: വയനാടൻ ദുരിതയാത്രക്ക് വിരാമമാകും
വയനാട്ടിലേക്കുള്ള തുരങ്ക പാതക്കായി പാറ തുരന്ന് തുടങ്ങിയപ്പോൾ
നിഷാദ് കോട്ടമ്മൽ
തിരുവമ്പാടി: മലബാറിനെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയുടെ ‘ബ്ലാസ്റ്റിങ്’ (പാറ തുരക്കൽ) തുടങ്ങിയതോടെ വയനാടിന്റെ വികസനത്തിനും പുതു പ്രതീക്ഷയായി. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ ഇരട്ട തുരങ്കങ്ങളിൽ ഒന്നിന്റെ നിർമാണമാണ് കോഴിക്കോട് മറിപ്പുഴയിൽ വെള്ളിയാഴ്ച ആരംഭിച്ചത്. ജില്ലയിലെ മറിപ്പുഴ മുതൽ വയനാട്ടിലെ കള്ളാടി വരെ 8 . 73 കി.മീ തുരങ്കമാണ് നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുരങ്കപാതയാകുമിത്. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന തുരങ്കപാതക്ക് 2134 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മലബാറിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര സമയത്തിൽ ഒന്നര മണിക്കൂറോളം ലാഭിക്കാം. യാത്രയിൽ 35 കി.മീ ദൂരകുറവും ലഭിക്കും. തുരങ്ക പാത നിർമാണത്തിന് കിഫ്ബിയാണ് ഫണ്ട് അനുവദിക്കുന്നത്. പദ്ധതി നടത്തിപ്പും നിർവഹണവും കൊങ്കൺ റെയിൽവേ കോർപറേഷനാണ്. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് തുരങ്ക നിർമാണ കരാർ ഏറ്റെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. താത്കാലിക പാലം, ക്രഷർ യൂനിറ്റ്, ഫ്യൂവൽ ടാങ്ക് തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് തുടങ്ങിയവ സൗകര്യങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്.
സ്വിച്ച് ഓണിന്പി ന്നാലെ സ്ഫോടനം
തിരുവമ്പാടി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തതോടെ സൈറണ് പിന്നാലെ ആദ്യ ബ്ലാസ്റ്റിങിന്റെ സ്ഫോടന ശബ്ദം. സ്ഫോടനത്തിൽ തകർന്ന പാറ യുടെ മുഖം തുരങ്കാകൃതിയിൽ രൂപപ്പെട്ടു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർന്ന പാറ കല്ലുകൾ നീക്കം ചെയ്തു.
ഒറ്റവാചകത്തിലൊതുങ്ങി മുഖ്യമന്ത്രിയുടെ പ്രസംഗം
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ സ്വിച്ച് ഓൺ കർമ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം ഒറ്റ വാചകത്തിൽ ഒതുക്കി .
സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. രാവിലെ 11ന് എത്തേണ്ട മുഖ്യമന്ത്രി നേരത്തെ തിരുമാനിച്ചതിലും മുക്കാൽ മണിക്കൂർ വൈകി 11.45 ഓടെയാണ് ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് സ്കൂൾ മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.
ഒരു മിനിറ്റ് മാത്രം നീണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ സർക്കാറിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളേകുറിച്ച പരാമർശമോ പ്രതിപക്ഷത്തിന് നേരെ വിമർശനമോ ഉണ്ടായില്ല.
മറിപ്പുഴയിൽ സ്വിച്ച് ഓൺ കർമം നടക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ 100 പേരാണ് ചടങ്ങിനെത്തിയത്. മുത്തപ്പൻ പുഴയിലെ എൽ.പി സ്കൂൾ മുറ്റത്ത് നാട്ടുകാർക്ക് ചടങ്ങ് വീക്ഷിക്കാൻ വലിയ സ്ക്രീൻ ഒരുക്കിയിരുന്നു.
