'ഇനി കളിക്കാനാവില്ല': മൈതാനത്തെ കൂട്ടിയിടിയിൽ സഹതാരത്തിന്‍റെ മരണം; വിരമിക്കാൻ ഒരുങ്ങി അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോന

മാഡ്രിഡ്: മൈതാനത്തുണ്ടായ ദാരുണമായ കൂട്ടിയിടിയെത്തുടർന്ന് എഫ്സി ടെനറിഫെ മുന്നേറ്റതാരം ജീസസ് ഡി മിഗ്വൽ (30) മരിച്ച സംഭവത്തിന് പിന്നാലെ, പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോന. കളിക്കളത്തിലുണ്ടായ അപകടത്തിൽ സഹതാരം മരിച്ചതിന്റെ വലിയ ആഘാതത്തിലാണ് ഒവോന.

കഴിഞ്ഞ തിങ്കളാഴ്ച (നവംബർ 2) അൻഡോറ എഫ്സിയും ടെനറിഫെയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഫുട്ബോൾ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തം. ബോൾ ക്ലിയർ ചെയ്യാനുള്ള ഒവോനയുടെ ശ്രമത്തിനിടെ ഡി മിഗ്വലുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒവോനയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.

നെഞ്ചിനേറ്റ ഗുരുതര പരിക്കുകളെ തുടർന്ന് മൈതാനത്ത് വെച്ച് തന്നെ വൈദ്യസഹായം നൽകിയ ഡി മിഗ്വലിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിന് ശേഷം വലിയ മാനസിക ആഘാതത്തിലൂടെയാണ് ഒവോന കടന്നുപോകുന്നത്. ക്ലബ്ബ് അദ്ദേഹത്തിന് കൗൺസിലിംഗും മനഃശാസ്ത്ര പിന്തുണയും നൽകിവരുന്നുണ്ട്. ഇതിനിടെയാണ് താരം ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി സ്പാനിഷ് മാധ്യമമായ ‘മുൻഡോ ഡിപ്പോർട്ടീവോ’ റിപ്പോർട്ട് ചെയ്തത്.

“എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. വാക്കുകൾ കിട്ടുന്നില്ല, എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ജീസസിന്റെ വേർപാടിൽ വലിയ വേദന അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയുമാണ് ഞാൻ ഓർക്കുന്നത്. ഇനിയുണ്ടാകുന്ന ഏത് ചോദ്യങ്ങളെയും പൂർണ്ണമായ ബഹുമാനത്തോടെ ഞാൻ നേരിടും. എന്നാൽ ഇപ്പോൾ, ജീസസിനെയും നമ്മളനുഭവിക്കുന്ന ഈ വേദനയെയും കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാൻ എനിക്ക് സാധിക്കുന്നില്ല. ജീസസിന് ആദരാഞ്ജലികൾ.”സഹതാരത്തിന്റെ വേർപാടിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ഒവോന സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചതാണിത്.

ഒവോന നേരിടുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് ഇക്വറ്റോറിയൽ ഗിനിയ ദേശീയ ടീം കോർഡിനേറ്ററും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ അന മായെയും പ്രതികരിച്ചു. “എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവൻ കടുത്ത വിഷാദത്തിലാണ്. പ്രത്യേകിച്ച്, ജീസസിന്റെ ഒന്നര വയസ്സുള്ള മകനെയും ഭാര്യയെയും ഓർത്ത് അവൻ തകർന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവന് അറിയില്ല,” അന മായെ പറഞ്ഞു.

വ്യാഴാഴ്ച ഡി മിഗ്വലിന്റെ ജന്മനാടായ നവഹെർമോസയിൽ നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം സ്പാനിഷ് ഫുട്ബോൾ അധികൃതരും ചടങ്ങിൽ പങ്കെടുത്തു.

കുടുംബത്തിന് വേണ്ടി ഡി മിഗ്വലിന്റെ ഏജന്റ് മാനുവൽ ഹെർണാണ്ടസ് നന്ദി അറിയിച്ചു: “അദ്ദേഹത്തെ സ്നേഹിച്ചതിനും ഓർമ്മിച്ചതിനും കൂടെ നിന്നതിനും നന്ദി. നിങ്ങളുടെ ഓരോ സന്ദേശത്തിനും ഫോൺ കോളുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. ജീസസിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങൾ എപ്പോഴും കാത്തുസൂക്ഷിക്കും.”

ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ടെനറിഫെ, അൻഡോറ ക്ലബ്ബുകളും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. വരും മത്സരങ്ങളിൽ ഡി മിഗ്വലിന് ആദരമർപ്പിക്കുന്ന രീതിയിലുള്ള അനുശോചന ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ഇരു ക്ലബ്ബുകളുടെയും തീരുമാനം. അതേസമയം, കടുത്ത മാനസിക ആഘാതത്തിലൂടെ കടന്നുപോകുന്ന ഒവോനയ്ക്ക് പൂർണ്ണ വിശ്രമം നൽകിയിരിക്കുകയാണ്. ഇതിൽ നിന്ന് മുക്തനായ ശേഷമേ ഫുട്ബോൾ കരിയറിനെക്കുറിച്ചുള്ള അന്തിമ തീരുമാനം അദ്ദേഹം കൈക്കൊള്ളൂ.