മാങ്കൂട്ടത്തിലിനെതിരെ സമരം ചെയ്തയാളാണ്, ഇക്കാര്യത്തിൽ അദ്ദേഹവും ഒട്ടും മോശക്കാരനല്ല -കെ. മുരളീധരൻ

തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിനെതിരെ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സുരേഷ് ബാബുവും ഈ കാര്യത്തിൽ ഒട്ടും മോശക്കാരനല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്ന് അദ്ദേഹം പറഞ്ഞു.

‘രാഹുൽ മാങ്കൂട്ടത്തിനെതിരായിട്ടുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണ്. അദ്ദേഹവും ഈ കാര്യത്തിൽ ഒട്ടും മോശക്കാരനല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത്തരക്കാരെ ആരും വെച്ചുപൊറുപ്പിക്കരുത്. കോൺഗ്രസിന്റെ ഒരു എം.എൽ.എക്കെതിരായി പരാതി വന്നപ്പോൾ ഞങ്ങൾ മുഖം നോക്കാതെ നടപടി സ്വീകരിച്ചു. അത് എല്ലാ പാർട്ടികളും ചെയ്യേണ്ട കാര്യമാണ്. രാഷ്ട്രീയ രംഗം സംശുദ്ധമായിരിക്കണം. അതിന് വിഘാതമായി നിൽക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഞങ്ങൾ അതിനെ ഈ രീതിയിലേ കാണുന്നുള്ളൂ’ -അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ ഒക്കെ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. അത് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാർട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഒന്നും ഒരു കാരണവശാലും സർക്കാരിന്റെ പ്രവർത്തനങ്ങളെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ എല്ലാ മരുന്നുകളും വാങ്ങി സ്റ്റോക്ക് ചെയ്യാൻ നിർദേശം കൊടുത്തതായും മന്ത്രി പറഞ്ഞു. അത്യാവശ്യം ഇനി ഏതെങ്കിലും മരുന്നുകൾ സ്റ്റോക്ക് ഇല്ലെങ്കിൽ എച്ച്.എം.സിക്കോ എച്ച്.ഡി.എസ്സിനോ അത് നേരിട്ട് പർച്ചേസ് ചെയ്യാവുന്നതാണ്.

മരുന്നിന്റെ കുറവ് ഉണ്ടാവരുത് എന്ന് കർശന നിർദേശം എല്ലാ ഡി.എം.ഒമാർക്കും നൽകിയിട്ടുണ്ട്.

കരിങ്കൊടി കാണിക്കുന്നതിനെയൊന്നും ഗൗരവത്തിൽ എടുക്കുന്നില്ല. കുറച്ചു ദിവസമായി എനിക്കാണ് ആദ്യം കാണിച്ചത്. പിന്നെ നിർത്തി. കരിങ്കൊടി കാണിക്കുന്നതും കാണിക്കാതിരിക്കുന്നതും അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അതിന്റെ പേരിൽ ഒരു രക്ഷാപ്രവർത്തനവും നടത്തണ്ട എന്ന് പൊലീസുകാരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്’ -മുരളീധരൻ പറഞ്ഞു.

അതിനിടെ, സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികളാണ് നേതൃത്വം പരിഗണിക്കുന്നത്. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

ഡിജിറ്റൽ തെളിവുകളോടെയാണ് സുരേഷ്ബാബുവിനെതിരെ യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. മലപ്പുറത്തേക്ക് നേരിട്ട് വിളിപ്പിച്ചാണ് സുരേഷ് ബാബുവിനെ പരാതി വായിച്ചു കേൾപ്പിച്ചത്. തുടർന്ന് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന വിവരം പുറത്തുവരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടതായാണ് വിവരം.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായി ആദ്യമായാണ് ഒരു ജില്ല സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ നടപടിയാണ്. ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ നീക്കിയത്. തുടർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എം.എൽ.എ വി. ചെന്താമരാക്ഷനെ നിയമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.