അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്. പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാത്തത്. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു.
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സിപിഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും സിപിഐ വ്യക്തമാക്കി.
നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
അതേസമയം, പൂരം കലക്കലിൽ ഡിജിപിയുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പുനരന്വേഷണത്തിന് ഇന്നലെ ഉത്തരവിട്ടിരുന്നു. ത്രിതല അന്വേഷണമാണ് നടക്കുക. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ്, ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം എന്നിവരാണ് പൂരം കലക്കൽ അന്വേഷണത്തിന് നേതൃത്വം നൽകുക.