അതിവേഗം, ബഹുദൂരം ആഴ്സനൽ; വമ്പൻ ജയത്തോടെ ലിവർപൂളും ചെൽസിയും

ലിവർപൂളി​ന്റെ ഇരട്ട ഗോൾ നേടിയ ഹ്യൂഗോ എകിടികെ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മേളയുമായി വമ്പൻമാരു​ടെ കുതിപ്പ്. ടൈറ്റിൽ ലീഡർ ആഴ്സനൽ മറുപടിയില്ലാത്ത നാല് ഗോളിന് ലീഡ്സിനെ വീഴ്ത്തി പോയന്റ് പട്ടികയിലെ ഒന്നാം നമ്പർ പദവി അരക്കിട്ടുറപ്പിച്ചു. എതിരാളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലുമായാണ് ആഴ്സനൽ ഗോൾ നേടിയത്. മാർട്ടിൻ സുബിമെൻഡി (27), വിക്ടർ യോകറസ് (69), ഗബ്രിയേൽ ജീസസ് (86) എന്നിവർക്കു പുറമെ ഒരു സെൽഫ് ഗോളും ആഴ്സനലി​ന്റെ വിജയത്തിന് തിളക്കമേകി.

കിരീടപ്പോരാട്ടത്തിൽ മികച്ച ലീഡ് സമ്മാനിക്കുന്നതാണ് ആഴ്സനലിന്റെ വിജയം. നിലവിൽ 24 കളിയിൽ 53 പോയന്റുള്ള ആഴ്സനൽ രണ്ടാം സ്ഥാനക്കാരയ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഏഴ് പോയന്റ് മുന്നിലാണ്.

മറ്റു മത്സരങ്ങളിൽ ചെൽസി വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-2ന് തോൽപിച്ചു. ആദ്യ പകുതിയിലെ രണ്ട് ഗോളുമായി ലീഡ് പിടിച്ച വെസ്റ്റ് ഹാമിനെതിരെ രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് ചെൽസി സ്വന്തം മുറ്റത്ത് നിർണായക വിജയം നേടിയത്. ജോ പെഡ്രോ, മാർക് കുകുറെല്ല, എൻസോ ഫെർണാണ്ടസ് എന്നിവർ സ്കോർ ചെയ്തു.

ലീഗിൽ തിരിച്ചുവരവിന്റെ പാതയിലുള്ള ലിവർപൂളും നാല് ഗോളിന്റെ മിന്നും വിജയം നേടി. ന്യൂ കാസിൽ യുനൈറ്റഡിനെതിരെ 4-1നായിരുന്നു വിജയം. ഹ്യൂഗോ എകി​ടികെ രണ്ട് മിനിറ്റ് ഇടവേളയിൽ നേടിയ ഇരട്ട ഗോളിൽ ലിവർപൂളിന്റെ വിജയത്തിന് അടിത്തറയൊരുക്കി. ​േഫ്ലാറിയാൻ റിറ്റ്സും ഇബ്രഹിമ കൊനാറ്റയും ഓരോ ഗോളും നേടി. നിലവിൽ 39 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

ഞായറാഴ്ച രാത്രിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുൾഹാമിനെയും, മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനെയും​ നേരിടും.