എമിറേറ്റ്‍സിൽ വില്ലൊടിഞ്ഞു! വില്ലയുടെ കുതിപ്പിന് തടയിട്ട് ആഴ്സനൽ; യുനൈറ്റഡിനും ചെൽസിക്കും സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ അപരാജിത കുതിപ്പിന് തടയിട്ട്, ഒന്നാം സ്ഥാനത്ത് തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ച് ആഴ്സനൽ. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന 2025ലെ അവസാന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വില്ലയെ പീരങ്കിപ്പട തരിപ്പണമാക്കിയത്.

തുടർച്ചയായ 11 ജയങ്ങളുമായി റെക്കോഡിട്ട വില്ലയുടെ കുതിപ്പിനാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ അന്ത്യമായത്. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ചെൽസിക്കും സമനില കൊണ്ട് വർഷം അവസാനിപ്പിക്കേണ്ടി വന്നു. പരിക്കിൽനിന്ന് മോചിതനായി എത്തിയ ബ്രസീൽ താരം ഗബ്രിയേൽ (48ാം മിനിറ്റിൽ), മാർട്ടിൻ സുബിമെൻഡി (52), ലിയാൻഡ്രോ ട്രൊസാർഡ് (69), പകരക്കാരൻ ഗബ്രിയേൽ ജീസസ് (78) എന്നിവരാണ് ആഴ്സനലിനായി വലുകുലുക്കിയത്. ഇൻജുറി ടൈമിൽ ഒലീ വാറ്റ്കിൻസിന്‍റെ (90+4) വകയായിരുന്നു വില്ലയുടെ ആശ്വാസ ഗോൾ.

മത്സരത്തിൽ നന്നായി തുടങ്ങിയ വില്ലക്ക് പിന്നീട് കാര്യങ്ങളെല്ലാം കൈവിട്ടു. ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചു പോയന്‍റ് ലീഡിലാണ് ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് പുതുവർഷത്തിലേക്ക് കടക്കുന്നത്. മത്സരത്തിൽ ആദ്യം സുവർണാവസരം ലഭിച്ചതും വില്ലക്കായിരുന്നു. ഒലീ വാറ്റ്കിൻസിന് ലക്ഷ്യം കാണാനായില്ല. പിന്നാലെ ആഴ്സനൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഒന്നിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ആദ്യപകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങിയതും ആഴ്സനൽ ഗബ്രിയേലിലൂടെ ലീഡെടുത്തു. കോർണറിൽനിന്നുള്ള പന്ത് താരത്തിന്‍റെ തലയിൽ തട്ടി വലയിൽ. ഗോൾകീപ്പർ എമി മാർട്ടിനെസിനെ ഫൗൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടി വില്ല താരങ്ങൾ റഫറിയോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

നാലു മിനിറ്റിനുള്ളിൽ നായകൻ മാർട്ടിൻ ഒഡെഗാർഡ് നൽകിയ ഒരു മനോഹര പാസ്സിലൂടെ സുബിമെൻഡി ലീഡ് ഇരട്ടിയാക്കി. ഡച്ച് താരം ടിംബറിന്‍റെ അസിസ്റ്റിൽനിന്ന് ലിയാൻഡ്രോ ട്രൊസാർഡ് ടീമിന്‍റെ മൂന്നാം ഗോൾ നേടി. പിന്നാലെ പകരക്കാരനായി കളത്തിലെത്തിയ ജീസസ് നാലാം ഗോളും നേടി ടീമിന്‍റെ വിജയം ഉറപ്പിച്ചു. ക്ലോസ് റേഞ്ചിൽനിന്നാണ് വാറ്റ്കിൻസ് വില്ലയുടെ ആശ്വാസ ഗോൾ നേടിയത്. കരുത്തരായ ചെൽസിയെ ബേൺമൗത്താണ് സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി പിരിയുകയായിരുന്നു. കോൾ പാമർ (15, പെനാൽറ്റി) എൻസോ ഫെർണാണ്ടസ് (23) എന്നിവർ നീലപ്പടക്കായും ബ്രൂക്സ് (ആറ്), ക്ലൂയിവർട്ട് (27) എന്നിവർ ബേൺമൗത്തിനായും ലക്ഷ്യം കണ്ടു.

കഴിഞ്ഞ മത്സരത്തിൽ വില്ലയോട് ചെൽസി തോറ്റിരുന്നു. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള വൂൾവ്സിനോട് സമനില വഴങ്ങേണ്ടി വന്നത് യുനൈറ്റഡിന് വലിയ തിരിച്ചടിയായി. പോയന്‍റ് പട്ടികയിൽ മുന്നേറാനുള്ള സുവർണാവസരമാണ് സ്വന്തം ആരാധകർക്കു മുമ്പിൽ റൂബൻ അമോറിമും സംഘവും കളഞ്ഞുകുളിച്ചത്. യുനൈറ്റഡിനായി ജോഷ്വാ സിർക്കിയും (7) വൂൾവ്സിനായി ലാഡിസ്ലാവ് ക്രെച്ചിയും (45) ഗോൾ നേടി. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ 3-1ന് ബേൺലിയെയും എവർട്ടൺ 2-0ത്തിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും തോൽപിച്ചു. വെസ്റ്റ് ഹാം-ബ്രൈറ്റൺ (2-2) മത്സരം സമനിലയിൽ കലാശിച്ചു.