വെറ്റ് ലീസ് സംവിധാനത്തിൽ ചരിത്രമായി 'ആര്യൻ'; ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സ്റ്റേജ് ക്യാരേജ് ബസുകളും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വെറ്റ് ലീസ് സംവിധാനത്തിലേക്ക് സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളും എത്തുന്നതായി റിപ്പോർട്ട്. കൊടുങ്ങല്ലൂർ-തൃശൂർ-പാലക്കാട് റൂട്ടിൽ സർവിസ് നടത്തിയിരുന്ന ആര്യൻ എന്ന സ്വകാര്യ ബസാണ് കെ.എസ്.ആർ.ടി.സിയുടെ വെറ്റ് ലീസ് സംവിധാനത്തിൽ സർവിസ് നടത്താൻ എത്തിയത്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ വെറ്റ് ലീസ് സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസ് എന്ന ഖ്യാതി ഈ വാഹനത്തിനാണെന്നാണ് ലഭിക്കുന്ന വിവരം. ബസിന്റെ മുന്നിലെ ഗ്ലാസിൽ കേരളാ സ്റ്റേറ്റ് ആർ.ടി.സി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. താഴെയായി സൂപ്പർ ഫാസ്റ്റ് എന്നും എഴുതിയിരിക്കുന്നത് കാണാം. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയിൽ സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകക്ക് എടുക്കുമെന്നും ഡ്രൈവറെ ബസ് ഉടമയും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നുമാണ് ലഭിക്കുന്ന വിവരം.
സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുത്ത് കെ.എസ്.ആർ.ടി.സിക്കായി ദീർഘദൂര സർവിസ് നടത്തുന്ന വെറ്റ് ലീസ് സംവിധാനം ഓണക്കാലത്താണ് സർക്കാർ തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ സംവിധാനത്തിന്റെ ഭാഗമായി അഞ്ച് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നിരവധി കോൺട്രാക്ട് ക്യാരേജ് ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കായി സർവിസ് നടത്തുന്നുണ്ട്.
അതേസമയം, കെ.എസ്.ആര്.ടി.സിക്ക് കീഴില്‍ സ്വകാര്യ ബസുകള്‍ക്ക് പുറമെ ട്രക്കുകളും പാട്ടത്തിനെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി സി.പി. ജോൺ. കണ്ണൂർ ഡിപ്പോ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊറിയര്‍, ചരക്കു ഗതാഗത മേഖലകളില്‍ നിന്നുള്ള വരുമാനം ലക്ഷ്യമാക്കിയാണ് പദ്ധതി. സ്വകാര്യ ബസുകള്‍ ലീസിനെടുക്കുന്ന വിധത്തില്‍ കി.മീറ്ററിന് 50 രൂപ നിരക്കിലാണ് ട്രക്കുകളുടെയും വാടക നിശ്ചയിക്കുക. സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തില്‍ നൂറുകണക്കിന് ട്രക്കുകള്‍ ജില്ലകള്‍ തോറുമുണ്ട്. ഇവരില്‍ താല്പര്യമുള്ളവര്ക്ക് ട്രക്കുകള്‍ കെ.എസ്.ആർ.ടി.സിക്ക് ലീസിന് നല്‍കാം. റെയില്‍വേയുടെ മാതൃകയില്‍ ചരക്കുഗതാഗതം വഴി നേട്ടമുണ്ടാക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
