ഇംഗ്ലണ്ട് ചാരം; ആഷസിൽ കങ്കാരു സർവാധിപത്യം, അവസാന ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം

സിഡ്നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റും ജയിച്ച് ആസ്ട്രേലിയ കിരീടം ചൂടി. സിഡ്നി ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ 4-1 ന് ഓസീസ് പരമ്പര നേടി.
അഞ്ചാംദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ എട്ടിന് 302 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിക്കുമ്പോൾ 119 റൺസിന്റെ ലീഡാണ് സന്ദർശകർക്കുണ്ടായിരുന്നത്. തകർപ്പൻ സെഞ്ച്വറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ ജേക്കബ് ബിഥെൽ 142 റൺസുമായി ക്രീസിലുള്ളതായിരുന്നു ഇംഗ്ലണ്ടിന്റെ ചെറിയൊരു പ്രതീക്ഷ.
എന്നാൽ 12 റൺസ് കൂട്ടിച്ചേർത്ത് ബിഥേൽ മടങ്ങിയതോടെ ഓസീസിന് കാര്യങ്ങൾ എളുപ്പമായി. 342 റൺസിന് എല്ലാവരെയും പുറത്താക്കി. 159 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ഒന്ന് ഞെട്ടിച്ചെങ്കിലും അന്തിമജയം ആതിഥേയർക്കായിരുന്നു.
37 റൺസെടുത്ത മാർനസ് ലബുഷാനെയാണ് ടോപ് സ്കോറർ. ട്രാവിസ് ഹെഡ് 29ഉസ്റ്റ ജേയ്ക് വെതർലാൻഡ് 34ഉം ക്യാപറ്റൻ സ്റ്റീവൻ സ്മിത്ത് 12 ഉം ഉസ്മാൻ ഖ്വാജ ആറും റൺസെടുത്ത് പുറത്തായി. 16 റൺസെടുത്ത അലക്സ് ക്യാരിയും 22 റൺസെടുത്ത കാമറൂൺ ഗ്രീനും പുറത്താകാതെ നിന്നു. ജോഷ് ടങ്കാണ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ജേക്കബ് ബിഥെലിന്റെ ചെറുത്തുനിൽപ്പ്
നാലാം ദിനത്തിൽ ഏഴ് വിക്കറ്റിന് 518 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 39 റൺസ് കൂട്ടി ചേർത്ത് 567ന് പുറത്തായി. ട്രാവിസ് ഹെഡും (163), സ്റ്റീവൻ സ്മിത്തും (138) നേടിയ സെഞ്ച്വറി ബലത്തിലാണ് ഇവർ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 384 മറികടന്നത്.
71 റൺസുമായി ബ്യൂ വെബ്സ്റ്റർ പുറത്താവാതെ നിന്നു. സ്മിത്തിന് പുറമെ, മിച്ചൽ സ്റ്റാർക്കും (5) സ്കോട്ട് ബോളണ്ടുമാണ് (0) ഇന്നലെ മടങ്ങിയവർ. ബ്രൈഡൻ കാർസെയും ജോഷ് ടങ്ങും മൂന്ന് വീതവും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപണർ സാക് ക്രോളിയെ (1) ആദ്യം തന്നെ നഷ്ടമായി. ഓപണിങ് ഓവറിൽ സ്റ്റാർക്കിന് മുന്നിൽ എൽ.ബി.ഡബ്ല്യൂ ആയി മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബെൻ ഡക്കറ്റും (42) സെഞ്ച്വറി ഇന്നിങ്സുമായി ബിഥെലും ചേർന്നാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. സ്കോർ 85ൽ എത്തിയപ്പോൾ ഡക്കറ്റ് പുറത്തായി. പിന്നാലെ ജോ റൂട്ട് (6), ഹാരി ബ്രൂക്ക് (42), വിൽ ജാക്സ് (0), ജാമി സ്മിത്ത് (26), സ്റ്റോക്സ് (1), കാർസെ (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. അപ്പോഴും മറുതലക്കൽ പിടിച്ചു നിന്ന് സെഞ്ച്വറിയും കടന്ന് കുതിച്ച ബിഥെലാണ് ഇംഗ്ലണ്ടിനെ ഇന്നിങ്സ് തോൽവിയിൽനിന്ന് രക്ഷിച്ചത്. വെബ്സ്റ്റർ മൂന്നും ബോളണ്ട് രണ്ടും വിക്കറ്റ് നേടി. അവസാന സെഷനിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.
