പെൺവാണിഭത്തിന് കൂട്ടുനിന്ന എ.എസ്.ഐയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പെൺവാണിഭത്തിന് കൂട്ടുനിന്ന എ.എസ്.ഐയെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ഗിരീഷ് ബാബുവിനെതിരെയാണ് നടപടി. സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറാണ് നടപടി സ്വീകരിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടൽ, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് മുങ്ങൽ തുടങ്ങിയ കുറ്റങ്ങൾക്ക് നേരത്തേ ഇയാൾ നടപടി നേരിട്ടിരുന്നു.
ബലാത്സംഗക്കേസിലുൾപ്പെടെ പ്രതിയായ ഇൻസ്പെക്ടറായിരുന്ന പി.ആർ. സുനു ഉൾപ്പെടെ ആറുപേരെ അടുത്തിടെ സർവിസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് ഡിവൈ.എസ്.പിമാരെയും രണ്ട് സി.ഐമാരെയും പിരിച്ചുവിടാൻ നടപടി പുരോഗമിക്കുകയാണ്.
സി.ഐമാരായ ശിവശങ്കരൻ, ജയസനിൽ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പിരിച്ചുവിടുന്നതിന് 90 പേരുടെ പട്ടികയാണ് ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നത്.