ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; മിക്സഡ് വിഭാഗത്തിൽ പൊന്നണിഞ്ഞത് സാഹിൽ-ചികിത സഖ്യം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനകരമായ നേട്ടം. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ സാഹിൽ ജാദവ് – ചികിത തനിപ്പർത്തി സഖ്യം സ്വർണമെഡൽ സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ കൊറിയൻ ജോഡിയെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ ചരിത്രനേട്ടം കുറിച്ചത്. ഈ വിജയത്തോടെ 2028 ലെ ഒളിമ്പിക്സിനുള്ള യോഗ്യതയും താരങ്ങൾക്ക് ഉറപ്പിക്കാനായി.

കൊറിയയുടെ ജംഗ്യൂൻ പാർക്ക് – ചോയ് യൂൻ ഗ്യു സഖ്യത്തിനെതിരെയായിരുന്നു ഫൈനലിലെ ആവേശപ്പോരാട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഷൂട്ട് ഔട്ടിൽ കൃത്യതയാർന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സംഘം 158-157 എന്ന സ്കോറിനാണ് സ്വർണം പിടിച്ചെടുത്തത്.

സെമിഫൈനലിൽ തായ്‌ലൻഡിനെതിരെയായിരുന്നു ഇന്ത്യയുടെ കടുത്ത മത്സരം. 156-155 എന്ന നാടകീയ സ്കോറിനാണ് ചികിതയും സാഹിലും തായ്‌ലൻഡ് സഖ്യത്തെ മറികടന്ന് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യ ഷോട്ടുകളിൽ തന്നെ സാഹിപും ചികിതയും 10 പോയിന്റുകൾ നേടി കരുത്ത് കാട്ടി. തായ്‌ലൻഡ് താരങ്ങളായ കനോക്‌നാപസ് കാവ്‌ചോംപു 9 പോയിന്റും പീരവത്ത് രട്ടനപോങ്‌കിയാറ്റ് 8 പോയിന്റും നേടി. ആദ്യ എൻഡ് അവസാനിച്ചപ്പോൾ 39-37 എന്ന ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ആർച്ചറി ടീം ചൈനയെ 238-234 എന്ന സ്കോറിന് തോൽപ്പിച്ച് ലോക റെക്കോർഡിനൊപ്പമുള്ള പ്രകടനത്തോടെ സ്വർണം നിലനിർത്തിയതിന് പിന്നാലെയാണ് മിക്സഡ് ടീമിന്റെയും ഈ സുവർണ നേട്ടം.