ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു, എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു -അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം എസ്.ഐ.ടി ആസ്ഥാനത്തുവെച്ച് രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അടൂർ പ്രകാശിനെ സംഘം വിട്ടയച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ചാണ് ചോദിച്ചത്, എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. മറുപടി തൃപ്തികരമാണോ എന്നത് ഉദ്യോഗസ്ഥർ പറയണമെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
‘എസ്.ഐ.ടി ചോദ്യം ചെയ്യുന്ന കാര്യം നേരത്തെ എന്നെ അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അന്ന് എനിക്ക് എത്താൻ സാധിക്കില്ല എന്ന് അവരെ അറിയിച്ചിരുന്നു. എം. മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയതിനെ തുടർന്നാണ് ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ വേണ്ടി നേരത്തെ നോട്ടീസൊന്നും കൈപറ്റിയിട്ടില്ല’ എന്ന് ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
2019ൽ എം.പിയായ സമയത്ത് ശബരിമലയിൽ അന്നദാനം നടത്തുന്നുണ്ട്, അത് ഉദ്ഘാടനം ചെയ്യണം എന്ന് പറഞ്ഞായിരുന്നു പോറ്റി എന്നെ സമീപിച്ചത്. അത് പ്രകാരം ഞാൻ അവിടെ പോയിരുന്നു. അതിനെക്കുറിച്ചും പോറ്റിയോടൊപ്പമുള്ള ഫോട്ടോയെക്കുറിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. മറുപടി തൃപ്തികരമാണോ എന്നത് ഉദ്യോഗസ്ഥർ പറയണമെന്ന് അടൂർ പ്രകാശ് പറഞ്ഞു. നിയോജക മണ്ഡലത്തിലെ അംഗം എന്ന നിലയിലാണ് പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം രംഗത്തെത്തിയിരുന്നു. അതേസമയം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
