സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്.
2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷനല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.
വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. ഇത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും (ഡി.ആര്‍) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെന്‍ഷന്‍ ലഭിക്കുന്നതിന് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകള്‍ പ്രത്യേകമായി ഇറക്കും.
