പ്രചാരണാവസാനത്തിൽ പ്രതീക്ഷ മങ്ങി എൻ.ഡി.എ
തിരുവനന്തപുരം: പ്രധാനമന്ത്രിയടക്കം താരപ്രചാരകരെയെത്തിച്ച് കാടിളക്കി പത്തിലേറെ മണ്ഡലങ്ങളിൽ താമര വിരിയുന്നത് സ്വപ്നം കാണുന്ന ബി.ജെ.പി, വിധി ദിനമടുക്കുമ്പോൾ ഒരു സീറ്റിലെങ്കിലും ജയിച്ചുകയറി മാനംകാക്കാനുള്ള മരണപ്പോരിലാണ്. ബി.ഡി.ജെ.എസിന് പുറമെ ട്വന്റി-20 യെയും ഒപ്പം കൂട്ടിയിറങ്ങിയ ബി.ജെ.പിക്ക് അവരുടെ സാന്നിധ്യം എത്രകണ്ട് ഗുണം ചെയ്യുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഡീൽ മുതൽ എഫ്.സി.ആർ.എ വരെ നിരവധി വിവാദങ്ങളാണ് പ്രചാരണ ദിനങ്ങളിൽ ബി.ജെ.പി നേരിട്ടത്. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കാട്ടാക്കട, ആറ്റിങ്ങൽ, ചാത്തന്നൂർ, കരുനാഗപ്പള്ളി, തിരുവല്ല, ആറൻമുള, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ദേവികുളം, മണലൂർ, തൃശൂർ, മലമ്പുഴ, പാലക്കാട്, മഞ്ചേശ്വരം, ട്വന്റി -20 യിലൂടെ തൃപ്പൂണിത്തുറ, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് എൻ.ഡി.എ കാര്യമായി കണ്ണുവെച്ചിരുന്നത്. 86 മണ്ഡലങ്ങളുടെ വിധി നിർണയത്തിൽ തങ്ങൾ നിർണായകമെന്ന അവകാശവാദവും മുഴക്കുന്നു.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പല മണ്ഡലങ്ങളിലും കടുത്ത മൽസര പ്രതീതിയുണ്ടാക്കാൻ എൻ.ഡി.എക്ക് സാധിച്ചുവെന്നത് സത്യമാണ്. എന്നാൽ അവർ പ്രതീക്ഷ പുലർത്തിയ പലയിടങ്ങളിലും അവസാന മണിക്കൂറുകളിൽ ചിത്രം മാറിമറിഞ്ഞതായാണ് സൂചന.
ചിലയിടങ്ങളിൽ വോട്ടിങ് ശതമാനം വർധിപ്പിക്കാനാകുമെങ്കിലും ജയിച്ചുകയറാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഏറെ പ്രതീക്ഷ വക്കുന്ന നേമം, മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ ന്യൂനപക്ഷവോട്ടുകൾ നിർണായകവുമാണ്. വട്ടിയൂർക്കാവിൽ പാർട്ടിയെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന ആർ. ശ്രീലേഖക്കെതിരെ പ്രവർത്തകർക്കിടയിൽത്തന്നെ എതിർവികാരമുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ആവേശത്തിൽ പ്രതീക്ഷയർപ്പിക്കുന്ന പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലങ്ങളിൽ എഫ്.സി.ആർ.എ നിയമഭേദഗതി വിവാദം, പി.സി. ജോർജ് നടത്തിയ ബിഷപുമാർക്കെതിരായ പരാമർശങ്ങളും ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെടുത്തും. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതും മണ്ഡലത്തിന്റെ കോൺഗ്രസ് അനുകൂല സ്വഭാവവും പ്രതിസന്ധിയായുണ്ട്. ട്വന്റി-20 യിലെ ആഭ്യന്തരപ്രശ്നങ്ങളും എൻ.ഡി.എ പ്രതീക്ഷകളിൽ മങ്ങലേൽപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്താനായതാണ് എൻ.ഡി.എയുടെ ആത്മവിശ്വാസം. അത് ഈ തെരഞ്ഞെടുപ്പിൽ അനുകൂലമാകാനുള്ള സാധ്യതയും കുറവാണ്.
