കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിലാക്കി തട്ടിപ്പ് നടത്താൻ ശ്രമം
പാലക്കാട്: കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിലാക്കി തട്ടിപ്പ് നടത്താൻ ശ്രമം. തീവ്രവാദവിരുദ്ധസേനയിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ശാന്തകുമാരിക്ക് ഫോണെത്തിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് വിളിച്ചവർ സംസാരിച്ചത്.
പിന്നീട് മലയാളിയാ ഒരാൾ വിളിച്ച് തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്ത് നിന്നുള്ള എസ്.ഐയാണെന്നും എം.എൽ.എക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചത്. ഇയാൾ എം.എൽ.എയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് പൊലീസ്വേഷത്തിൽ വിഡിയോ കോളിലെത്തി എം.എൽ.എയെ വിശ്വസിക്കാൻ ശ്രമം നടത്തി.
ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ആധാർ കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോദിച്ചറിഞ്ഞു. ഈ സമയം വീട്ടിലെത്തിയ എം.എൽ.എയുടെ ഡ്രൈവറാണ് കുഴൽമന്ദം പൊലീസിൽ വിവരമറിയിച്ചത്. പിന്നീട് പലതവണ കോൾ വന്നെങ്കിലും എടുത്തില്ലെന്ന് ശാന്തകുമാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.
