മണ്ഡലകാല ഉണർവിൽ സന്നിധാനം: ഇന്ന് വെർച്വൽ ക്യു വഴി ദർശനത്തിന് എത്തിയത് 68,241ഭക്തന്മാർ
ശബരിമല ദർശനത്തിന് വെർച്ച്വൽ ക്യു വഴി മാത്രം ഇന്ന് എത്തിയത് 68, 241 അയ്യപ്പ ഭക്തന്മാർ. മണ്ഡലകാലം പുരോഗമിക്കവേ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസമാണ് ഇന്ന്.അയ്യപ്പ ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചത് മുതൽ നവംബർ 24 വരെ 4,60, 184 പേരാണ് എത്തിയത്.(Sabarimala Live updates)
നിലവിലെ അനുകൂലമായ കാലാവസ്ഥ അയ്യപ്പന്മാരുടെ മല കയറ്റം ആയാസരഹിതമാക്കുന്നു. പുൽമേട് വഴി 1060 അയ്യപ്പന്മാരും അഴുത വഴി 2637അയ്യപ്പന്മാരും ആണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്.
വെർച്ച്വൽ ക്യു സംവിധാനം കൃത്യമായി അയ്യപ്പന്മാരുടെ കണക്കുകൾ ലഭ്യമാക്കുന്നതിനു വിവരങ്ങൾ സൂക്ഷിക്കുന്നതിനും സഹായകരമാണ്.
കാനനപാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.സുഗമമായ മണ്ഡലകാലത്തിനു അയ്യപ്പന്മാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പമ്പയിലും സന്നിധാനത്തും നടപ്പിലാക്കിയിട്ടുണ്ട്.