ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം കോമയിൽ, ഇന്ത്യക്കെതിരെ ഫൈനലിൽ പരിക്കേറ്റ വിരലുമായി അർധ സെഞ്ച്വറി; ഞെട്ടലിൽ ക്രിക്കറ്റ് ലോകം

ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായ മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ (54) കോമയിൽ. ഓസീസിനായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടിണ്ട്. ബോക്സിങ് ഡേ ടെസ്റ്റിനിടെയാണ് മാർട്ടിന്‍റെ ആരോഗ്യസ്ഥിതി വഷളാകുന്നതും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.

ആസ്ട്രേലിയൻ മാധ്യമങ്ങളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്. തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമത്തെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണ് മെനിഞ്ചൈറ്റിസ്. സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. മാർട്ടിൻ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഡാമിയൻ മാർട്ടിനായി പ്രാർഥിക്കുന്നുവെന്നും ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും ഏറെകാലം സഹതാരമായിരുന്ന ഡാരിൻ ലേമാൻ എക്സിൽ കുറിച്ചു. വിദഗ്ധ ചികിത്സ തന്നെ മാർട്ടിന് ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുൻ ഓസീസ് താരവുമായ ആദം ഗിൽക്രിസ്റ്റ് പറഞ്ഞു.

താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1992-93ൽ വെസ്റ്റിൻഡീസിനെതിരായ ഹോം പരമ്പരയിൽ 21ാം വയസ്സിലാണ് മാർട്ടിൻ ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2005ൽ ന്യൂസിലൻഡിനെതിരെ നേടിയ 165 റൺസാണ് താരത്തിന്‍റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ. 2006-07ൽ അഡലെയ്ഡിൽ ആഷസിലാണ് താരം അവസാന ടെസ്റ്റ് കളിച്ചത്. 1999, 2003 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ മാർട്ടിനും ഉണ്ടായിരുന്നു.

2003ൽ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ താരം നേടിയ അപരാജിത അർധ സെഞ്ച്വറി (88) ഓസീസ് വിജയത്തിൽ നിർണായകമായി. പരിക്കേറ്റ വിരലുമായാണ് താരം അന്ന് കളിച്ചത്. 2006 ചാമ്പ്യൻസ് ട്രോഫി നേടിയ ഓസീസ് ടീമിലും മാർട്ടിനുണ്ടായിരുന്നു.

എന്താണ് വൈറൽ മെനിഞ്ചൈറ്റിസ്?

മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറൽ അല്ലെങ്കിൽ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാൻ വാക്സിനുകൾക്ക് കഴിയും. ദുർബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകൾക്കും വൈറൽ മെനിഞ്ചൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.