ആസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

കൊല്ലം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി വൻ തുക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരയായ യുവാവ് ജീവനൊടുക്കി. ശക്തികുളങ്ങര തട്ടാന്തര ചെപ്പേവടക്കത്തിൽ ഗുരുദേവ നഗർ 47-എ സൈജു നിവാസിൽ സൈജു ഹെൻട്രി പീറ്റർ (39) ആണ് മരിച്ചത്. എസ്ര ഗ്ലോബൽ ട്രാവൽസ് എന്ന റിക്രൂട്ടിങ് സ്ഥാപന ഉടമകൾ നടത്തിയ തട്ടിപ്പിൽ അഞ്ച് ലക്ഷം രൂപയാണ് സൈജുവിന് നഷ്ടമായത്.

ആസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തുക തട്ടിയെടുത്തത്. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിൽ നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇതി​നിടെ എസ്ര ഗ്ലോബൽ ട്രാവൽസ് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതോടെ പൊലീസ് കേസും എടുത്തു.

കൊല്ലത്ത് നാലര കോടിയോളം രൂപയുടെ തട്ടിപ്പ് സ്ഥാപനം നടത്തിയതായാണ് പൊലീസ് ക​ണ്ടെത്തൽ. ഉടമ മേരി ലോപ്പസിനെയും സി.ഇ.ഒ അരുണിനെയും ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽനിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു സൈജുവെന്ന് കുടുംബം പറയുന്നു. വീട് ജപ്തി വക്കിലാണെന്ന് അറിയിച്ചിട്ടും മേരി ലോപ്പസ് പണം തിരികെ നൽകാൻ തയാറായില്ലെന്ന് സൈജുവിന്റെ ഭാര്യ ആൻസി ആരോപിച്ചു. ആൻസിയുടെ താലി മാല ഉൾപ്പെടെ പണയപ്പെടുത്തിയാണ് പണം നൽകിയത്.

ബാങ്ക് ലോണും പണയത്തിന്റെ അടവും ഉൾപ്പെടെ മുടങ്ങി വലിയ പ്രതിസന്ധിയിലേക്ക് എത്തിയിരുന്നു. ഒരു വർഷത്തിലധികം കാത്തിരുന്നിട്ടും വിസ കിട്ടാതെ വന്നതോടെ ട്രാവൽസ് ഉടമയെ വിളിച്ചിട്ടും കിട്ടിയില്ല. ഇടക്ക് വിളിച്ച് സംസാരിച്ചപ്പോൾ മേരി ലോപ്പസ് ദേഷ്യപ്പെട്ടത് ഉൾപ്പെടെ സൈജുവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് ആൻസി പറയുന്നു. ആൻസി പള്ളിയിൽ പോയ സമയത്താണ് കഴിഞ്ഞ ദിവസം സൈജു വിഷവും അമിതമായി ഗുളികയും കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും രക്ഷിക്കാനായില്ല. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് അ​സ്വാഭാവിക മരണത്തിന് കേസെടുത്തു. വിസക്ക് നൽകിയ പണം ഉൾപ്പെടെ സൈജുവിന് വലിയ കടബാധ്യതയുണ്ടായിരുന്നെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. മക്കൾ: ജെസിയ മേരി, ഈവ് മരിയ, യൊവാന മരിയ, അമീറ മറിയം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയം​ സെമിത്തേരിയിൽ.