അൽകാരസ്, സ്വരേവ്, സബലങ്ക സെമിയിൽ; ഗോഫും കീസും പുറത്ത്

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ പ്രമുഖരായ കാർലോസ് അൽകാരസ്, അലക്സാൻഡർ സ്വരേവ്, അരീന സബലങ്ക തുടങ്ങിയവർ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ യു.എസ് വനിത സൂപ്പർ താരങ്ങളായ ചാമ്പ്യൻ മഡിസൻ കീസ് പ്രീക്വാർട്ടറിലും കൊകൊ ഗോഫ് ക്വാർട്ടർ ഫൈനലിലും തോറ്റ് പുറത്തായി.
സ്പാനിഷ് താരമായ അൽകാരസ് പുരുഷ സിംഗ്ൾസ് ക്വാർട്ടറിൽ ആസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് തോൽപിച്ചത്. സ്കോർ: 7-5, 6-2, 6-1. ജർമനിയുടെ സ്വരേവ് 6-3, 6-7(5), 6-1, 7-6(3)ന് യു.എസിന്റെ ലേണർ ടിയേനെ വീഴ്ത്തിയും അവസാന നാലിൽ കടന്നു. സെമിയിൽ അൽകാരസും സ്വരേവും ഏറ്റുമുട്ടും. വനിതകളിൽ ബെലറൂസുകാരി സബലങ്ക 6-3, 6-0ന് യു.എസിന്റെ ഇവ ജോവിച്ചിനെ തോൽപിച്ച് സെമിയിലെത്തി. യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയോട് 1-6, 2-6ന് ദയനീയമായി ക്വാർട്ടറിൽ മുട്ടുമടക്കി ഗോഫ്. ചാമ്പ്യൻ കീസിനെ സഹതാരം ജെസീക പെഗുലയാണ് പ്രീക്വാർട്ടറിൽ മറിച്ചിട്ടത്. സ്കോർ: 6-3, 6-4.
ബുധനാഴ്ച ക്വാർട്ടറിൽ യു.എസിന്റെ തന്നെ അമാൻഡ അനിസിമോവയെ പെഗുല നേരിടും. പോളണ്ടിന്റെ ഇഗ സ്വിയാറ്റക്കും കസാഖ്സ്താന്റെ എലേന റിബാകിനയും തമ്മിലാണ് മറ്റൊരു വനിത ക്വർട്ടർ. അവസാന നാലിലിടം തേടി ഇന്ന് സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച് ഇറ്റലിയുടെ ലോറൻസോ മുസേറ്റിയെ നേരിടും. നിലവിലെ ചാമ്പ്യനും ഇറ്റലിക്കാരനുമായ യാനിക് സിന്നറിന് യു.എസിന്റെ ബെൻ ഷെൽട്ടണാണ് എതിരാളി.
