കശ്മീർ ജാമിഅ മസ്ജിദിൽ റമദാനിലെ അവസാന ജുമുഅ വിലക്കി അധികൃതർ

ശ്രീനഗർ: ചരിത്ര പ്രസിദ്ധമായ ശ്രീനഗർ ജാമിഅ മസ്ജിദിൽ റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅക്ക് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഇന്ന് രാവിലെ 9.30ന് പള്ളി​യിലെത്തിയ ജില്ല മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരുമാണ് ഇതുസംബന്ധമായ അറിയിപ്പ് നൽകിയതെന്ന് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. പള്ളിയിൽ ജുമുഅത്തുൽ വിദാ (വിടവാങ്ങൽ ജുമുഅ) എന്ന പേരിൽ അറിയപ്പെടുന്ന റമദാനിലെ അവസാന ജുമുഅ നമസ്‌കാരം നടത്താതിരിക്കാൻ ഭരണകൂടത്തിന്റെ തീരുമാനമുണ്ടെന്ന് അറിയിച്ച അധികൃതർ പള്ളിയുടെ ഗേറ്റുകൾ അടച്ചിടാനും ആവശ്യപ്പെട്ടു.

തീരുമാനത്തിൽ മസ്ജിദ് ഭാരവാഹികൾ ശക്തമായി പ്രതിഷേധിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ എത്താറുള്ളത്. ഇവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ് നീക്കമെന്ന് ഭാരവാഹികൾ അധികൃതരെ അറിയിച്ചു. എന്നാൽ, തീരുമാനത്തിൽനിന്ന് പിന്മാറാൻ അധികൃതർ തയാറായില്ല. ഇതോടെ പള്ളിയിൽ ജുമുഅ നമസ്‌കാരം തടസ്സപ്പെട്ടു.

കഴിഞ്ഞ വർഷവും റമദാനിലെ അവസാന ജുമുഅക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം മുസ്‌ലിം വിശേഷദിനമായ ബറാഅത്ത് രാവിൽ പള്ളിയിൽ നടക്കാറുള്ള പ്രത്യേക സംഗമവും അധികൃതർ തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *