ഉടമ അറിയാതെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ബാങ്കിന് അരലക്ഷം പിഴ

കാസർകോട്: ഉടമയുടെ അനുവാദമില്ലാതെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ബാങ്കിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധി. അരലക്ഷം നഷ്ടപരിഹാരവും 3,000 രൂപ ചെലവും നൽകാനാണ് ഉത്തരവ്.

മേൽപറമ്പ് മുബാറക് മൻസിലിൽ കല്ലട്ര അബ്ദുസ്സലാം ഹാജിയുടെ പരാതിയിൽ കാസർകോട് ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെയാണ് ഫോറം ഉത്തരവിട്ടത്.

2022 ആഗസ്ത് 24നാണ് കേസിനാസ്പദമായ സംഭവം. ഇൻഷുറൻസ് പ്രീമിയം അടക്കാനായി അരലക്ഷം രൂപ ഉടമ അക്കൗണ്ടിൽ നിലനിർത്തിയിരുന്നു. ആഗസ്ത് 29ന് ഇൻഷുറൻസ് കമ്പനിക്ക് പണം അടക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 24ന് ഈ തുകയിൽ നിന്ന് അദ്ദേഹം അറിയാതെ ബാങ്ക് 35,831 രൂപ പിൻവലിച്ചതായി മനസ്സിലായത്. ഇതോടെ പ്രീമിയം മുടങ്ങി. പരാതിയുമായി ബാങ്കിൽ ചെന്നെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. പിന്നീട് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. എന്നാൽ, എതിർകക്ഷികൾ ഹാജരായില്ല.

തനിക്ക് നേരിട്ട ധനനഷ്ടത്തിനും മാനസികപ്രയാസത്തിനും സമയനഷ്ടത്തിൽ 4,75,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഫോറത്തെ സമീപിച്ചത്. എന്നാൽ, ഇത്ര വലിയ തുക അവകാശപ്പെടാൻ നിർവാഹമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഫോറം അരലക്ഷം നഷ്ടപരിഹാരവും 3000 രൂപ ചെലവും നൽകാൻ ഉത്തരവിട്ടു. ഉപഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാനപരമായ ബാങ്കിങ് അവകാശം നിഷേധിക്കപ്പെട്ടതായി ഉത്തരവിൽ ചൂണ്ടിക്കാട്ടി. 30 ദിവസത്തിനകം പണം കൈമാറണം. പരാതിക്കാരന് വേണ്ടി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.

 

Bank fined half a lakh for withdrawing money from the account without the owner’s knowledge

One thought on “ഉടമ അറിയാതെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ബാങ്കിന് അരലക്ഷം പിഴ

Leave a Reply

Your email address will not be published. Required fields are marked *