ജയത്തോടെ ലീഡ് കൂട്ടി ബാഴ്സ

മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ജയം തുടർന്ന ബാഴ്സലോണ ഒന്നാംസ്ഥാനത്ത് ലീഡ് കൂട്ടി. വിയ്യ റയലിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. കളി പത്ത് മിനിറ്റ് പിന്നിടവെ പെനാൽറ്റി ഏരിയയിൽ റഫിഞ്ഞയെ ഫൗൾ ചെയ്തതിന് ബാഴ്സക്ക് സ്പോട്ട് കിക്ക്. വിയ്യ ഗോൾ കീപ്പർ ലൂയിസ് ജൂനിയറിനെ കബളിപ്പിച്ച് പെനാൽറ്റി റഫിഞ്ഞ ലക്ഷ്യത്തിലെത്തിച്ച് 12ാം മിനിറ്റിൽ ലീഡ് പിടിച്ചു.
39ാം മിനിറ്റിൽ ലമീൻ യമാലിനെ വീഴ്ത്തിയതിന് ആതിഥേയരായ ഡിഫൻഡർ റെനാറ്റോ വെയ്ഗക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകി റഫറി. തുടർന്ന്, പത്തുപേരുമായി കളിച്ച വിയ്യയുടെ വലയിൽ 63ാം മിനിറ്റിൽ പന്തെത്തിച്ചു യമാൽ. ബാഴ്സയുടെ തുടർച്ചയായ ഏഴാം ജയമാണിത്. 18 മത്സരങ്ങളിൽ ഇവർക്ക് 46ഉം രണ്ടാംസ്ഥാനക്കാരായ റയൽ മഡ്രിഡിന് 42ഉം പോയന്റുണ്ട്. ജിറോണയെ 3-0ത്തിന് തോൽപിച്ച് അത്ലറ്റികോ മഡ്രിഡ് (37) മൂന്നാംസ്ഥാനത്തേക്ക് കയറി.
