കൊഴുപ്പ് നീക്കൽ ചികിത്സക്കിടെ ബ്യൂട്ടീഷ്യൻ മരിച്ചു; വെൽനെസ് ക്ലിനിക്കിൽ ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്തെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച ബ്യൂട്ടീഷ്യൻ മരിച്ചു. അനസ്തേഷ്യയിലെ പാകപ്പിഴയാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വി.ജി. വിദ്യ(45)ആണ് മരിച്ചത്. വീടിനോട് ചേർന്ന് ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു വിദ്യ.
ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് ക്ലിനിക്കിൽ കൈയ്യിലെ കൊഴുപ്പ് നീക്കാനായി ഈ മാസം 16നാണ് വിദ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് പതിനൊന്നരയോടെ നടത്തിയ സർജറിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉച്ച 2.15ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മരണപ്പെട്ടു.
അനസ്തേഷ്യയിലെ പാകപ്പിഴയും തുടർ ചികിത്സ നൽകുന്നതിലെ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേ സമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. സംഭവത്തിൽ തിരുവല്ല പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
മാടപ്പള്ളിയിൽ പലചരക്ക് കട നടത്തുന്ന എസ്. സന്തോഷ് ആണ് ഭർത്താവ്. മക്കൾ: സിദ്ധാർതഥ് സന്തോഷ്, സംഗീത് സന്തോഷ്. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
