‘ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി’; അലിഗഢ് മുസ്ലിം സർവകലാശാലയിലെ നോട്ടീസ് വിവാദത്തിൽ
അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ വിവാദം. സർ ഷാ സുലൈമാൻ ഹാളിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ‘ബീഫ് ബിരിയാണി’ നൽകാനുള്ള നോട്ടീസ് ആണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത്.
“ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്. നോട്ടീസിനെതിരെ സർവകലാശാലയിൽ തന്നെ പ്രതിഷേധം ഉയർന്നു. സർവകലാശാലയിലെ രണ്ട് പേരാണ് ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി അറിയിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. വിവാദമായതോടെ അലിഗഢ് മുസ്ലിം സർവകലാശാല അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.
ടൈപ്പിങ് പിശകാണെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഉത്തരവാദികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സർവകലാശാല വ്യക്തമാക്കി. ആധികാരികതയെക്കുറിച്ച് സംശയം ഉയർന്നതോടെ നോട്ടീസ് പിൻവലിച്ചതായി സർവകശാല അറിയിച്ചു. നോട്ടീസ് നൽകിയതിന് ഉത്തരവാദികളായ രണ്ട് മുതിർന്ന വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ സർവകലശാലയെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.