ബംഗളൂരു ദുരന്തം: ആർസിബിയിലെ ഉന്നത മേധാവി അടക്കം നാല് പേർ അറസ്റ്റിൽ
ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർസിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.Bengaluru
ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.
ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്ന് പേർ.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ ആര്‍സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് 13 വയസ്സുകാരൻ ഉൾപ്പെടെ 11 പേർ മരിച്ചത്. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരമാവധി 40,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിന് പുറത്ത് 2 ലക്ഷത്തിലധികം ആളുകൾ എത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.