2023ല്‍ സന്ദര്‍ശിക്കേണ്ട മികച്ച സ്ഥലങ്ങള്‍; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംപിടിച്ച് കേരളവും

ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന 52 സ്ഥലങ്ങളുടെ ലിസ്റ്റിലാണ് കൊച്ചു കേരളവും ഇടം നേടിയത്

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ഒന്നൊതുങ്ങിയ ശേഷം ലോകം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നമ്മുടെ കേരളം. ഇപ്പോഴിതാ 2023ല്‍ സന്ദര്‍ശിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന 52 സ്ഥലങ്ങളുടെ ലിസ്റ്റിലാണ് കൊച്ചു കേരളവും ഇടം നേടിയത്.

കടൽത്തീരങ്ങൾ, കായലുകള്‍, രുചികരമായ പാചകരീതികൾ, വൈക്കത്തഷ്ടമി ഉത്സവം ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ, ഹിൽ സ്റ്റേഷനുകൾ, വ്യാപാര നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങി വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന നിരവധി കാഴ്ചകള്‍ കേരളത്തിലുണ്ട്. ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് എത്തിയാല്‍ സന്ദർശകർക്ക് കാടു മൂടിയ കനാലിലൂടെ തുഴയാനും ചകിരി പിരിച്ച് കയറുണ്ടാക്കാനും തെങ്ങില്‍ കയറാനുമുള്ള അവസരം ലഭിക്കുന്നു. മറവന്‍തുരുത്തും കാഴ്ചയുടെ സുന്ദരമായ അനുഭവമാണ് പകരുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ലണ്ടനാണ് ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. ജപ്പാനിലെ മോറിയോക്ക, മോണുമെന്‍റ് വാലി നവാജോ ട്രൈബൽ പാർക്ക്,സ്കോട്ടലന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

Leave a Reply

Your email address will not be published. Required fields are marked *